Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ന്യൂയോർക്കിൽ ലീജനേഴ്സ് രോഗവ്യാപനം; 76 പേർക്ക് രോഗബാധ, നാല് മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് രോഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 76 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ന്യൂയോർക്ക് ഹെൽത്ത് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. കാർനെഗി ഹിൽ, യോർക്വില്ലെ മേഖലകളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്.

ജൂലൈ 20 വരെയുള്ള കണക്കുകൾ പ്രകാരം രോഗബാധിതരിൽ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി കൂളിംഗ് ടവറുകളും മറ്റ് ജലവിതരണ സംവിധാനങ്ങളും ആരോഗ്യ അധികൃതർ പരിശോധിച്ചുവരികയാണ്.

ന്യൂയോർക്കിൽ ഇതിന് മുമ്പും ലീജനേഴ്സ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015-ൽ സൗത്ത് ബ്രോൻക്സിൽ ഉണ്ടായ വ്യാപനത്തിൽ 138 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 16 പേർ മരിക്കുകയും ചെയ്തിരുന്നു. 2025-ൽ ഹാർലെമിൽ ഉണ്ടായ മറ്റൊരു വ്യാപനത്തിൽ 70 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു.

എന്താണ് ലീജനേഴ്സ് രോഗം?

ലിജിയോനെല്ല (Legionella) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ ന്യൂമോണിയയാണ് ലീജനേഴ്സ് രോഗം. വെള്ളത്തിലും മണ്ണിലുമുള്ള ഈ ബാക്ടീരിയ അടങ്ങിയ ജലകണങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, പുകവലിക്കുന്നവർ എന്നിവർക്കാണ് രോഗസാധ്യത കൂടുതലുള്ളത്. സമയബന്ധിതമായി ആന്റിബയോട്ടിക് ചികിത്സ ലഭിച്ചാൽ രോഗം ഭേദമാക്കാനാകുമെങ്കിലും ചികിത്സ വൈകിയാൽ ഗുരുതര സങ്കീർണതകൾ ഉണ്ടാകാം.

പ്രധാന ലക്ഷണങ്ങൾ

ബാക്ടീരിയയുമായി സമ്പർക്കത്തിലായതിന് ശേഷം രണ്ട് മുതൽ പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, തലവേദന, പേശിവേദന, ചുമ, ശ്വാസതടസം, നെഞ്ചുവേദന, ഓക്കാനം, ഛർദി, വയറിളക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നതാണെങ്കിലും ഗുരുതരമായാൽ ഹൃദയം ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളെയും ബാധിക്കാം.

ഇതേ ബാക്ടീരിയ മൂലമാണ് പോണ്ടിയാക് ഫീവർ എന്ന രോഗവും ഉണ്ടാകുന്നത്. എന്നാൽ അതിൽ പനി, വിറയൽ, തലവേദന, സന്ധിവേദന തുടങ്ങിയ ലക്ഷണങ്ങൾ മാത്രമാണ് സാധാരണയായി കാണപ്പെടുക. ശ്വാസകോശത്തെ ബാധിക്കാത്ത ഈ രോഗം മിക്കവാറും ഒരാഴ്ചയ്ക്കുള്ളിൽ ഭേദമാകാറുണ്ട്.

സങ്കീർണതകൾ

ചികിത്സ വൈകിയാൽ ശ്വാസകോശത്തിന്റെ പ്രവർത്തനം ഗുരുതരമായി തകരാറിലാകാൻ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാനും കാർബൺ ഡയോക്സൈഡ് പുറത്തേക്ക് നീക്കാനും ശ്വാസകോശത്തിന് കഴിയാതെ വരാം. കൂടാതെ രക്തസമ്മർദം അപകടകരമായി താഴുന്ന സെപ്റ്റിക് ഷോക്ക്, വൃക്കയും മസ്തിഷ്കവും ഉൾപ്പെടെയുള്ള അവയവങ്ങളുടെ പ്രവർത്തന തകരാർ തുടങ്ങിയ ഗുരുതര സങ്കീർണതകൾക്കും രോഗം കാരണമാകാം.

Advertisement
WhiteswanTV Footer