കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ നടത്താൻ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകൾ മറയാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. വലിയ തോതിലുള്ള എംഡിഎംഎ വാങ്ങൽ-വിൽപ്പനയുമായി ബന്ധപ്പെട്ട പണമിടപാടുകൾ അറസ്റ്റിലായ അധ്യാപികമാരുടെ അക്കൗണ്ടുകളിലൂടെയായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
സംഭവത്തിൽ മറ്റൊരു അധ്യാപികയും സംശയത്തിന്റെ നിഴലിലാണെന്ന് സൂചനയുണ്ട്. കൂടുതൽ പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. കേസിൽ ഇതുവരെ രണ്ട് അധ്യാപികമാരാണ് അറസ്റ്റിലായത്.
പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യൽ എജുക്കേറ്ററായ കൂരാച്ചുണ്ട് ചെറുക്കാട് സ്വദേശിനി കെ. കാവ്യ (29)യെ എംഡിഎംഎ ഇടപാടുകളുടെ പണം അക്കൗണ്ടിലൂടെ സ്വീകരിച്ചതിന് വടകര പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇതേ കേസിൽ ജൂലൈ 11-ന് കാവ്യയുടെ സുഹൃത്തും പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയുമായ മരുതോങ്കര സ്വദേശിനി കീർത്തനയും അറസ്റ്റിലായിരുന്നു.
കീർത്തനയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്ക് എത്തിയത്. എംഡിഎംഎ വാങ്ങാനെത്തുന്നവർ പണം കീർത്തനയുടെ അക്കൗണ്ടിലേക്ക് അയച്ചശേഷം, ഫോൺ വഴി ലൊക്കേഷൻ ലഭിക്കുമായിരുന്നു. അവിടെ എത്തുന്നവർക്ക് മറ്റൊരാൾ നേരിട്ട് എംഡിഎംഎ കൈമാറുന്നതായിരുന്നു ലഹരി സംഘത്തിന്റെ പ്രവർത്തനരീതിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.




