കൊല്ലം: 14 വയസുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ച സംഭവത്തിൽ വാഹനത്തിന്റെ രജിസ്റ്റർഡ് ഉടമയായ അമ്മയ്ക്ക് ₹26,000 പിഴ വിധിച്ച് കോടതി. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ഏപ്രിൽ 9-ന് ചിതറ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിക്കുന്നതിനിടെ പിടിയിലായത്. മടത്തറ കൊല്ലായിൽ ജംഗ്ഷനിൽ വച്ചായിരുന്നു പരിശോധന.
എസ്.ഐ. മുഹസിൻ മുഹമ്മദ്, പൊലീസ് ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തി. തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ അനുവദിക്കുന്നത് നിയമലംഘനമാണെന്നും വാഹന ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.




