മലപ്പുറം: തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശികളായ നസീം–റൗളാബി ദമ്പതികളുടെ മകൻ നിബിൻ ഷാൻ (15) ആണ് മരിച്ചത്.
ബന്ധുവിന്റെ മകനൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു നിബിൻ. വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്.
കുളത്തിനുള്ളിലെ ഗുഹയിൽ കുടുങ്ങിയ നിലയിലായിരുന്ന നിബിനെ ഉടൻ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു നിബിൻ ഷാൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിട്ടുനൽകി. സംസ്കാരം ഇന്ന് ആലത്തിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
സഹോദരങ്ങൾ: മുഹമ്മദ് അദ്നാൻ, മുഹമ്മദ് അർഷാൻ, ആയിശ ആലിയ.




