ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ആദ്യ ഉപാധിയായി ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. സംഘർഷത്തിൽ താൽക്കാലിക ഇടവേള തുടരുന്നതിനിടെ ഇറാൻ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയായാണ് പുതിയ പ്രസ്താവന.
ലബനനിൽ നിന്ന് ഇസ്രയേൽ പൂർണമായി പിൻവാങ്ങാതെ ചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് മുജ്തബ ഖമനെയി വ്യക്തമാക്കിയത്. അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള ധാരണയിലെത്തുകയാണെങ്കിൽ അത് ഈ വിഷയത്തിന് ശേഷമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ആറ് കപ്പലുകളിൽ ഒന്നിന് മൈൻ സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ സഹായത്തോടെ ആറ് കപ്പലുകൾ ഹോർമൂസ് കടക്കാൻ ശ്രമിച്ചതായും അതിൽ ഒരു കപ്പൽ കടലിൽ സ്ഥാപിച്ചിരുന്ന മൈനിൽ തട്ടി തകർന്നതായുമാണ് ഇറാന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. .




