ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാണ് പ്രധാന നിയന്ത്രണം. ഹെഡ്‌സെറ്റ് അല്ലെങ്കിൽ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ചെയ്യരുതെന്ന് സർക്കുലറിൽ നിർദേശിക്കുന്നു.
പൊതുഗതാഗതത്തിൽ വലിയ ശബ്ദത്തിൽ സംസാരിക്കുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കുകയാണ് പുതിയ മാർഗനിർദേശങ്ങളുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ചെന്നൈ മെട്രോയിൽ സമാന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മെട്രോയിൽ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ഉച്ചത്തിൽ പാട്ട് കേൾക്കുകയോ ചെയ്താൽ ₹2,500 വരെ പിഴ ഈടാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ സർക്കാർ ബസ് കോർപ്പറേഷനുകൾക്കും കീഴിലുള്ള ബസുകളിലും പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ തീരുമാനിച്ചത്. യാത്രക്കാർ സ്പീക്കർ മോഡിൽ ഉറക്കെ സംസാരിക്കരുതെന്നും, ഇയർഫോൺ ഉപയോഗിക്കാതെ പാട്ടോ വാർത്തകളോ കേൾക്കരുതെന്നും നിർദേശമുണ്ട്.
അതേസമയം, ബസ് ഡ്രൈവർമാർ യാത്രയ്ക്കിടെ വലിയ ശബ്ദത്തിൽ പാട്ടുകൾ വയ്ക്കരുതെന്നും, യാത്രക്കാരിൽ ബോധവത്കരണം നടത്താൻ ജീവനക്കാർ ശ്രദ്ധിക്കണമെന്നും ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇതിനായി ബസുകളിൽ മുന്നിലും നടുവിലും പിന്നിലും ബോധവത്കരണ സ്റ്റിക്കറുകൾ പതിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുമോയെന്ന കാര്യത്തിൽ സർക്കുലറിൽ വ്യക്തതയില്ല. എന്നാൽ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പെരുമാറ്റം തമിഴ്നാട് മോട്ടോർ വാഹന പെരുമാറ്റച്ചട്ട പ്രകാരം ശിക്ഷാർഹമാണെന്നും, പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരെ പരിഗണിച്ചുള്ള യാത്രാശീലം പാലിക്കണമെന്നും സർക്കാർ ഓർമ്മിപ്പിച്ചു.



