റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഹാഷിഷ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാൻ മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അദീസ് ആലം തഖായ് തെസ്മ, ഗെറ്റാചു ഗബ്രെ ബിർഹാൻ മസ്ഖൻ, മുർഷിദ് മർഹനാ ഖസ്സു ഖർമദൻ, തെക്‌ലായ് നഖാഷ് അബ്രഹ ലജൻ, ഗബ്രെ അബ്രഹ ഹഫ്തായീ വെൽക്കിദാൻ എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായത്. രാജ്യത്തേക്ക് ഹാഷിഷ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ സുരക്ഷാസേന പിടികൂടിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതോടെ കേസ് പ്രത്യേക കോടതിയിലേക്ക് കൈമാറി. വിചാരണക്കൊടുവിൽ പ്രതികൾക്ക് തഅ്സീർ വിഭാഗത്തിൽപ്പെടുന്ന വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതിനെ തുടർന്ന് രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അസീർ പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു.
മയക്കുമരുന്ന് കടത്തും വിതരണവും സമൂഹത്തിനും യുവതലമുറയ്ക്കും ഗുരുതര ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമപ്രകാരമുള്ള ഏറ്റവും കർശനമായ ശിക്ഷ തന്നെ ലഭിക്കുമെന്നും മയക്കുമരുന്ന് കടത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.




