ഗുരുഗ്രാം: അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന 814 ഗ്രാം എം.ഡി.എം.എ കൈവശം സൂക്ഷിച്ച കേസിൽ മുൻ സ്വകാര്യ എയർലൈൻ പൈലറ്റിനെ ഗുരുഗ്രാം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയും നിലവിൽ ഗുരുഗ്രാമിലെ ദൗലത്താബാദിലെ ലാൻഡ്‌മാർക്ക് സൊസൈറ്റിയിൽ താമസിക്കുന്ന അർഷാദ് അലി (33) എന്ന അജ്ജുവിനെയാണ് സെക്ടർ 39 ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെക്ടർ 103-ന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രാജേന്ദ്ര പാർക്ക് പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആദ്യം സ്വന്തം ഉപയോഗത്തിനായാണ് എം.ഡി.എം.എ വാങ്ങിയിരുന്നതെന്നും പിന്നീട് എളുപ്പത്തിൽ പണം സമ്പാദിക്കാനായി ലഹരിമരുന്ന് വിൽപ്പനയിലേക്ക് കടന്നതായും ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. നിലവിൽ പിടിച്ചെടുത്ത എം.ഡി.എം.എ നോയിഡ സ്വദേശിയായ ഒരാളിൽ നിന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് വാങ്ങിയതെന്നും വിൽപ്പനയ്ക്ക് ശേഷം ലഭിക്കുന്ന തുകയിൽ നിന്ന് ബാക്കി തുക നൽകാനായിരുന്നു ധാരണയെന്നും പ്രതി മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കി.
ഡൽഹി–എൻ.സി.ആർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളാണ് പ്രതിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലഹരിമരുന്ന് വിതരണം ചെയ്തവരെയും വാങ്ങാനെത്തിയവരെയും കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യംചെയ്യലിനായി പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.




