തിരുവനന്തപുരം: കേരള പൊലീസിലെ സംഘടനാ പുനഃക്രമീകരണ നടപടിക്ക് ഹൈക്കോടതി താൽക്കാലിക സ്റ്റേ. ആഭ്യന്തര വകുപ്പിന്റെ പുനഃക്രമീകരണ ഉത്തരവ് മൂന്ന് ആഴ്ചത്തേക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി.
ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. സ്റ്റേ അനുവദിച്ചില്ലെങ്കിൽ ഹർജി തന്നെ അപ്രസക്തമാകുമെന്ന് നിരീക്ഷിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കെപിഎയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി ആഭ്യന്തര വകുപ്പിന് നോട്ടീസ് അയച്ചു.
ആഭ്യന്തര വകുപ്പ് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും ഹൈക്കോടതി തടഞ്ഞു. പൊലീസ് അസോസിയേഷന്റെ ആസ്തി വിഭജിക്കുന്നതിനുള്ള അനുപാതം നിശ്ചയിച്ചതിന്റെ അടിസ്ഥാനമെന്തെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഡിജിപിയുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണോ തീരുമാനമെടുത്തതെന്നും കോടതി ആരാഞ്ഞു.
പൊലീസ് സംഘടനകളുടെ പുനഃക്രമീകരണത്തിന് ആവശ്യമായ വ്യക്തമായ കാരണങ്ങൾ ഉത്തരവിൽ പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതികൾ പിരിച്ചുവിട്ടുകൊണ്ടായിരുന്നു സർക്കാർ പുനഃക്രമീകരണ ഉത്തരവ് പുറത്തിറക്കിയത്. സെപ്തംബർ 30നകം പുതിയ ഭരണസമിതി നിലവിൽ വരുമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. അതുവരെ സംഘടനകളുടെ പ്രവർത്തനങ്ങൾക്കായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.




