വയനാട്: രക്ഷിതാക്കളുടെ അറിവില്ലാതെ 16-കാരിയെ അർധരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി മദ്യവും ലഹരിവസ്തുക്കളും നിർബന്ധിച്ച് ഉപയോഗിപ്പിച്ചെന്ന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അഞ്ചുക്കുന്ന് കല്ല്യാട്ടുംക്കുഴി സ്വദേശിനി ജനീലിയ (19), കണിയാരം പോത്തനാട്ടിൽ വീട്ടിൽ എ.വി. അജിത് (23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
അജിത്തിനെതിരെ മാനന്തവാടി പോലീസ് സ്റ്റേഷനിൽ ലഹരിക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ. ജോയ് (20), മാനന്തവാടി സ്വദേശികളായ ലിജു നിവാസ്, അമൽ കൃഷ്ണ (20), കുറ്റിമൂല കള്ളമ്പറമ്പിൽ കെ.വി. ജിതിൻ (22), എടവക ചാമാടിപ്പൊയിൽ ചിറക്കൽ സി. അജിത്കുമാർ (23) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഈ മാസം 12-ന് അർധരാത്രിയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്നാണ് കേസ്. തുടർന്ന് മദ്യം നിർബന്ധിച്ച് നൽകുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. പിന്നീട് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ അമലിനൊപ്പം കണ്ടെത്തുകയായിരുന്നു.
തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.




