കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രളയബാധിതർക്കായി ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിനായി യുഎഇ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 21 കോടി രൂപയിൽ നാല് കോടി രൂപ പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
കേസിലെ ഒന്നാം പ്രതി യുണിടെക് ഉടമ സന്തോഷ് ഈപ്പനാണ്. അദ്ദേഹത്തിന്റെ കമ്പനിയായ സെയ്ന്‍ വെഞ്ചേഴ്‌സ് രണ്ടാം പ്രതിയും ലൈഫ് മിഷൻ മൂന്നാം പ്രതിയുമാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് വാര്യർ, സ്വപ്ന സുരേഷ്, സരിത് എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കേസിലെ ഏഴാം പ്രതിയാണെങ്കിലും ആദ്യഘട്ട കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ശിവശങ്കറെയും മുൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിനെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. കൂടുതൽ അന്വേഷണം പൂർത്തിയാക്കിയ ശേഷം ശിവശങ്കർ ഉൾപ്പെടെയുള്ളവർക്കെതിരെയും അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് സിബിഐ വ്യക്തമാക്കി.




