കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹാഷിഷ് ഓയിൽ കൈവശം സൂക്ഷിച്ച കേസിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് മേപ്പാടി സ്വദേശിനി അശ്വതി ആണ് പിടിയിലായത്.
യുവതിയിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തതായി മെഡിക്കൽ കോളജ് പോലീസ് അറിയിച്ചു. പ്രസവ വാർഡിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയിരുന്ന അശ്വതി വെളിച്ചെണ്ണ കുപ്പിയിലാണ് ഹാഷിഷ് ഓയിൽ ഒളിപ്പിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും മറ്റ് ആളുകളും പോലീസിനെ വിവരമറിയിച്ചതോടെയാണ് പരിശോധന നടത്തിയത്.
ചോദ്യം ചെയ്യലിൽ, ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ലഹരിവസ്തു കൊണ്ടുവന്നതെന്ന് യുവതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള തടവുകാരുടെ കൈവശം ലഹരിവസ്തു എത്തിക്കാനായിരുന്നു ശ്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കേസെടുത്ത പോലീസ് ഹാഷിഷ് ഓയിൽ എത്തിച്ച ഉറവിടം ഉൾപ്പെടെ വിശദമായ അന്വേഷണം ആരംഭിച്ചു.




