ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ നീണ്ട നാളത്തെ മൗനത്തിന് ശേഷം പ്രതികരണവുമായി ബി.ജെ.പി. എം.പി. രാഘവ് ഛദ്ദ. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള പുതിയ നിയമത്തെക്കുറിച്ചുള്ള രാജ്യസഭാ ചർച്ചയ്ക്കിടെയാണ് വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്നതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചത്.
പ്രതിപക്ഷത്തായിരുന്നപ്പോൾ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു തന്റെ ഉത്തരവാദിത്തമെന്നും എന്നാൽ ഭരണപക്ഷത്തിന്റെ ഭാഗമായതോടെ ആ ഉത്തരവാദിത്തം മാറിയെന്നും രാഘവ് ഛദ്ദ പറഞ്ഞു. ഇപ്പോൾ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലല്ല, പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്യാമറകൾക്ക് മുന്നിൽ സംസാരിച്ച് വാർത്തകളിൽ ഇടംനേടാനോ രാഷ്ട്രീയ സാന്നിധ്യം രേഖപ്പെടുത്താനോ താൽപര്യമില്ലെന്നും, ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ സംവിധാനത്തിലെ പോരായ്മകൾ പരിഹരിച്ച് സ്ഥിരമായ മാറ്റം ഉറപ്പാക്കുമ്പോൾ മാത്രമേ വിഷയത്തിൽ സംസാരിക്കൂവെന്ന് നേരത്തേ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യപേപ്പർ ചോർച്ച പോലുള്ള ഗുരുതര പ്രശ്നങ്ങളെ വെറും പ്രസംഗങ്ങളിലൂടെ പരിഹരിക്കാനാകില്ലെന്നും അതിന് സ്ഥാപനപരമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും രാഘവ് ഛദ്ദ അഭിപ്രായപ്പെട്ടു. സർക്കാർ ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികൾ പ്രകടിപ്പിച്ച പ്രതിഷേധവും ആശങ്കയും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും പരീക്ഷാ സംവിധാനത്തിൽ വിശ്വാസം പുനഃസ്ഥാപിക്കാൻ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുകയാണെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി.











