കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ 43-കാരൻ സുഖം പ്രാപിച്ചു. അടുത്ത ദിവസം തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മാസം 11-നാണ് ഗുരുതരാവസ്ഥയിൽ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനെയിലെ എൻ.ഐ.വി. ലാബിലും നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകുകയായിരുന്നു. ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ആരോഗ്യനില മെച്ചപ്പെട്ടത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജില്ലയിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗി സന്ദർശിച്ച സ്ഥലങ്ങളിലും ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ജില്ലാതലത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുകയും രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 104 പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. എല്ലാവരും നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ ദിവസേന വിലയിരുത്തുകയും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.




