കോട്ടയം: സംസ്ഥാനത്ത് വെള്ളക്കെട്ടിലും ഒഴുക്കിലും വീണ് രണ്ട് കുട്ടികൾ മരിച്ചു. കോട്ടയം വാകത്താനം ചക്കൻചിറയിൽ 11 വയസുകാരനാണ് മരിച്ചത്. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്കിനായി എടുത്ത കുഴിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിക്കുന്നതിനിടെ കുട്ടി പെട്ടെന്ന് താഴ്ന്നുപോകുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, മലപ്പുറം കൊണ്ടോട്ടിയിലും നാല് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മേലേപ്പറമ്പ് മങ്ങാട്ടുപറമ്പ് സ്വദേശി അബ്ദുൽ ഹമീദിന്റെ മകൻ ആദം ഐമൻ ആണ് മരിച്ചത്. മുതുവല്ലൂർ സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിയായ ആദം തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ നാട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം നിലവിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മഴക്കാലത്ത് വെള്ളക്കെട്ടുകളും ജലാശയങ്ങളും സമീപിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.




