കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ പ്രദേശത്ത് ഉച്ചയോടെയായിരുന്നു സംഭവം.
ബസ് വെള്ളത്തിൽ കുടുങ്ങിയതോടെ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി രക്ഷാപ്രവർത്തനം നടത്തി. ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി.
തുടർച്ചയായ മഴയെ തുടർന്ന് പൂനൂർ പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പൂനൂർ അവേലം, ചേപ്പാല, കോളിക്കൽ, കുണ്ടത്തിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായ വെള്ളപ്പൊക്കമുണ്ടായി. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ മേഖലയിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴയുടെ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കി അധികൃതരുടെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അധികൃതർ നിർദേശിച്ചിട്ടുണ്ട്.


