ന്യൂഡൽഹി: ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘ഫ്യൂച്ചർ ക്രൈം സമ്മിറ്റ് 2026’ൽ തന്റെ സ്വകാര്യ വിവരങ്ങൾ അനുമതിയില്ലാതെ പരസ്യമായി പ്രദർശിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ രംഗത്തെത്തി. യു.എസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ-നിർമിത ബുദ്ധി കമ്പനിയായ റെസെക്യൂരിറ്റി (RESecurity) എ.ഐ. ടൂൾ അവതരിപ്പിക്കുന്നതിനിടെയാണ് തന്റെ വ്യക്തിഗത വിവരങ്ങൾ പ്രദർശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സമ്മിറ്റിൽ പങ്കെടുത്ത ഒരാളാണ് ഇക്കാര്യം അറിയിച്ചതെന്നും, നിരവധി സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിവരങ്ങൾ പ്രദർശിപ്പിച്ചതെന്നും ദീപ്കെ പറഞ്ഞു. മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ സ്ക്രീനിൽ കാണിച്ചതായി അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങളിൽ വ്യക്തമാണെന്നും അവകാശപ്പെട്ടു. ജനങ്ങളെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ യു.എസ് കമ്പനികളുടെ സേവനം ഉപയോഗിക്കുകയാണോ എന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ചോദ്യം ഉയർത്തി.
ഓഗസ്റ്റ് 6, 7 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് മൂന്നാമത് ‘ഫ്യൂച്ചർ ക്രൈം സമ്മിറ്റ് 2026’ നടക്കുന്നത്. സൈബർ സുരക്ഷ, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ, ഡിജിറ്റൽ ഫോറൻസിക്സ്, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ നയരൂപീകരണ ചർച്ചകൾക്കായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
ഫ്യൂച്ചർ ക്രൈം റിസർച്ച് ഫൗണ്ടേഷൻ (FCRF) സംഘടിപ്പിക്കുന്ന ഈ സമ്മിറ്റിൽ രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, പ്രതിരോധ വിദഗ്ധർ, അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ പ്രധാന പ്ലാറ്റിനം പങ്കാളികളിലൊന്നാണ് റെസെക്യൂരിറ്റി. കമ്പനിക്കെതിരായ ആരോപണത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.




