തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം ആശങ്കയുയർത്തുന്നു. രണ്ടാഴ്ചയ്ക്കിടെ മുന്നൂറോളം പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. രോഗലക്ഷണങ്ങളുമായി നൂറോളം പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇക്കാലയളവിൽ 39 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതിൽ 22 പേർ വട്ടിയൂർക്കാവ് മേഖലയിലുള്ളവരാണ്.
ഇതേ കാലയളവിൽ 30 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ച് രണ്ടാഴ്ചയ്ക്കിടെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്.
വെൺപകൽ, നന്തൻകോട്, നേമം, ആറ്റിങ്ങൽ, വാമനപുരം, കീഴാറ്റിങ്ങൽ, നെടുമങ്ങാട്, വെമ്പായം, പുല്ലമ്പാറ, പാങ്ങപ്പാറ, കരകുളം, കല്ലറ, കൊല്ലയിൽ, തോണിപ്പാറ, മലയിൻകീഴ്, തൃക്കണ്ണാപുരം, പള്ളിക്കൽ, പെരിങ്ങമ്മല, മാണിക്കൽ, പുളിമാത്ത്, ചെട്ടിവിളാകം, അരുവിക്കര, ഇടവ, പൂന്തുറ, നെയ്യാറ്റിൻകര, പാൽക്കുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പേരൂർക്കട, കാഞ്ഞിരംകുളം, മുദാക്കൽ, നെയ്യാറ്റിൻകര, ചാക്ക, നന്തൻകോട്, തൃക്കണ്ണാപുരം, ആമച്ചൽ, മുട്ടട, കള്ളിക്കാട്, വിളപ്പിൽ, പള്ളിച്ചൽ, നേമം എന്നിവിടങ്ങളിലും ചിക്കുൻഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്.
വാമനപുരം, മടവൂർ, ആറ്റിങ്ങൽ, വിളവൂർക്കൽ, വർക്കല, വെള്ളനാട്, പാങ്ങപ്പാറ തുടങ്ങിയ പ്രദേശങ്ങളിലായി 29 പേർക്കാണ് എലിപ്പനി ബാധിച്ചത്. കുമാരപുരം, പാലോട്, കുറ്റിച്ചൽ എന്നിവിടങ്ങളിൽ എലിപ്പനി ബാധിച്ച് മൂന്ന് പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേരും ചിക്കുൻഗുനിയ ബാധിച്ച് ഒരാളും ഇൻഫ്ലുവൻസ ബാധിച്ച് രണ്ടുപേരും മരിച്ചു. ആമീബിക് മസ്തിഷ്കജ്വരം, ചെള്ളുപനി എന്നിവ ബാധിച്ച ഓരോരുത്തരും മരിച്ചു. വിളപ്പിലിലും ആമച്ചലിലുമാണ് ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
കൊതുകുജന്യ രോഗനിയന്ത്രണം അപര്യാപ്തമെന്ന് ആക്ഷേപം
കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ ഫോഗിങ്ങും സ്പ്രേയിങ്ങും നടത്തുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്നാണ് ആക്ഷേപം. പല പ്രദേശങ്ങളിലും ആവശ്യത്തിന് തൊഴിലാളികളില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. പകർച്ചവ്യാധി പ്രതിരോധത്തിനായി ഡ്രൈ ഡേ കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങളും ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതിയുണ്ട്.
ഭയം വേണ്ട, ജാഗ്രത മതി
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവന് ഭീഷണിയാകാവുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നതിന് പുറമെ ഗുരുതരമായാൽ ഹൃദയത്തെയും മറ്റ് അവയവങ്ങളെയും ബാധിക്കാം. രക്തസമ്മർദത്തിൽ അപകടകരമായ മാറ്റങ്ങൾക്കും സാധ്യതയുണ്ട്.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലെ വേദന, പേശികളിലും സന്ധികളിലുമുള്ള വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനി ബാധിച്ചാൽ സ്വയം ചികിത്സ നടത്താതെ ഉടൻ ഡോക്ടറുടെ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിക്കുന്നു.
എന്താണ് ഡെങ്കിപ്പനി?
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ശുദ്ധജലത്തിലാണ് ഇവ കൂടുതലായി വളരുന്നത്. സാധാരണയായി പകൽ സമയത്താണ് ഈ കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം.
പ്രധാന രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലുമുള്ള വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനം, ഛർദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
അപകടസൂചനകൾ ശ്രദ്ധിക്കണം
പനി കുറയുന്ന ഘട്ടത്തിൽ തുടർച്ചയായ ഛർദി, ശക്തമായ വയറുവേദന, ശരീരഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരത്തിൽ ചുവന്ന തടിപ്പുകൾ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, അമിതമായ തളർച്ച, ശ്വസിക്കാൻ ബുദ്ധിമുട്ട്, രക്തസമ്മർദം ഗണ്യമായി കുറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിൽ എത്തിക്കണം. കുട്ടികളിൽ തുടർച്ചയായ കരച്ചിലും അപകടസൂചനയായി കണക്കാക്കണം.
ചികിത്സയും വിശ്രമവും പ്രധാനം
എത്രയും വേഗം ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയ ശേഷവും മൂന്ന് നാല് ദിവസം ആരോഗ്യനില പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ തുടങ്ങിയ ദ്രാവകങ്ങൾ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുമ്പോൾ കൊതുകുവല ഉപയോഗിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.
കൊതുകുകളെ തുരത്താം
- വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക.
- ഉപയോഗശൂന്യമായ ചിരട്ടകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, പഴയ ടയറുകൾ, ബക്കറ്റുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്തവിധം വലയോ തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കുക.
- കൊതുകുകടി ഒഴിവാക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം പൂർണമായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിച്ച് ഡ്രൈ ഡേ ആചരിക്കുക.




