മുംബൈ: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ പുതുതായി എത്തിച്ച സർക്കാർ ബസ് മോഷണം പോയി. ജാംനർ എസ്ടി ഡിപ്പോയിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ബസ് മോഷണം പോയത്. എന്നാൽ അധികദൂരം പോകും മുൻപ് ടയർ പഞ്ചറായതോടെ മോഷ്ടാക്കൾ ബസ് വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
ഡിപ്പോയിലെ പാർക്കിംഗ് സ്ഥലത്ത് നിന്ന് ഡ്രൈവർ സീറ്റിലിരുന്ന ഒരാൾ ബസ് പിന്നോട്ടെടുത്ത് പുറത്തേക്ക് ഓടിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ജാംനർ പൊലീസ് അന്വേഷണം ആരംഭിച്ചു. ടയർ പഞ്ചറായതിനെ തുടർന്ന് ഒരു ഗ്രാമത്തിന് സമീപമാണ് മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. പിന്നീട് പൊലീസ് ബസ് കണ്ടെത്തി.
പുതിയ ബസ് ഡിപ്പോയിൽ നിന്ന് എങ്ങനെ സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പുറത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞുവെന്നതിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. ബസ് സ്റ്റാൻഡിന് സമീപം അടുത്തിടെ മറ്റ് മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഡിപ്പോയിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനും മോഷണത്തിന്റെ കാരണം വ്യക്തമാക്കാനും പൊലീസ് അന്വേഷണം തുടരുകയാണ്.


