തിരുവനന്തപുരം: മെസ്സി വിവാദവുമായി ബന്ധപ്പെട്ട് കായിക വകുപ്പ് നടത്തിയ അന്വേഷണത്തിൽ അതീവ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ് നടന്നതായി മുൻ സർക്കാർ തന്നെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ഏഴ് മാസമായി അന്വേഷണം മരവിച്ച നിലയിലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിലെ അനാസ്ഥ പ്രത്യേകം പരിശോധിക്കുമെന്നും സർക്കാരിനുണ്ടായ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ സ്പോൺസർമാരെ തീരുമാനിച്ചതിലും ക്രമക്കേട് നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. താൽപര്യപത്രം ക്ഷണിക്കാതെയാണ് സ്പോൺസർമാരെ തീരുമാനിച്ചതെന്നാണ് വിവരം. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് എത്രത്തോളം അറിവുണ്ടായിരുന്നുവെന്നതും പരിശോധിക്കും. സംഭവത്തിൽ ബന്ധപ്പെട്ടവരിൽനിന്ന് പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പുറത്തുവന്നിട്ടുണ്ടെന്നും ഇവയെല്ലാം വിശദമായി പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടപാടിൽ സംസ്ഥാന സർക്കാരിന്റെ കൃത്യമായ പങ്ക് എന്തായിരുന്നു, സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടോ, പദ്ധതിക്കായി ഫണ്ട് എത്തിയത് എവിടെനിന്നാണ് തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. വീഴ്ച വരുത്തിയതായി കണ്ടെത്തുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. സ്വകാര്യ ഏജൻസികൾ ഏതെങ്കിലും തരത്തിൽ സർക്കാരിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.











