Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആരും അറിയാതെ ലൈഫ് പദ്ധതിയിൽ UDF സർക്കാരിന്റെ കടുംവെട്ട്; ഇനി വീടുകളിൽ കേന്ദ്രത്തിന്റെ ലോ​ഗോ വേണം, വീട് കിട്ടിയാലും പണം അടയ്ക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് പാവപ്പെട്ടവന്റെ തലചായ്ക്കാനൊരിടം എന്ന സ്വപ്നത്തിന്മേൽ കരിനിഴൽ വീഴ്ത്തി ലൈഫ് ഭവനപദ്ധതിയിൽ വൻ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ ‘പ്രധാനമന്ത്രി ആവാസ് യോജന (നഗരം)’ രണ്ടാംഘട്ട കരാറിൽ ഒപ്പുവെക്കാൻ കേരള സർക്കാർ തീരുമാനിച്ചതോടെയാണ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗുണഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്ന പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നാല് ലക്ഷം രൂപയായി ഉറപ്പാക്കിയിരുന്ന ഭവനനിർമാണ സഹായം മൂന്ന് ലക്ഷമാക്കി വെട്ടിച്ചുരുക്കിയതും, ഇതിനുപുറമേ ഒരു ലക്ഷം രൂപ ഗുണഭോക്താവ് തന്നെ കണ്ടെത്തണമെന്ന വ്യവസ്ഥയുമാണ് നിലവിൽ വലിയ സാമ്പത്തിക തിരിച്ചടിയാകുന്നത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഗുണഭോക്തൃ വിഹിതം ഈടാക്കാതെ ഉറപ്പാക്കിയ ഭവന നിർമാണ പദ്ധതിയെയാണ് യുഡിഎഫ് സർക്കാർ മന്ത്രിസഭാ തീരുമാനത്തിലൂടെ തകിടം മറിച്ചിരിക്കുന്നത്. പിഎംഎവൈ നഗരം രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ബ്രാന്റിംഗ് ഉൾപ്പെടെ രാഷ്ട്രീയമാനങ്ങളുള്ള നിബന്ധനകൾക്ക് കീഴടങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തുറന്നടിച്ചിട്ടുണ്ട്. ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ ‘ലൈഫ്’ പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല. കേവലം ഒന്നര ലക്ഷം രൂപ മാത്രം നൽകുന്ന കേന്ദ്ര സർക്കാർ, പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുമ്പോൾ അതിന് മുന്നിൽ നട്ടെല്ലു വളയ്ക്കുകയാണ് സർക്കാരെന്ന് പറഞ്ഞ പിണറായി, ഗുണഭോക്താക്കൾക്കുമേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലൈഫ് ഭവനപദ്ധതിയിൽ നഗരങ്ങളിൽ ഇനിമുതൽ വീടുകിട്ടുന്നവരും പണം മുടക്കണം എന്ന തീരുമാനവും വലിയൊരു വിഭാ​ഗത്തിന് ഇരുട്ടടിയാണ്. വീടുകളിൽ കേന്ദ്രത്തിന്റെ മുദ്രയും നിർബന്ധമാക്കും. ഒരുലക്ഷം രൂപയാണ് ഗുണഭോക്താവ് നൽകേണ്ടത്. ഇതുവരെ ഒന്നും നൽകേണ്ടിയിരുന്നില്ല. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന നഗരപദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഒപ്പുവെക്കാൻ കേരള സർക്കാർ തീരുമാനിച്ചതോടെയാണിത്. ഗ്രാമീണമേഖലയിൽ ഇത് ബാധകമല്ല. നേരത്തെ, ഇതേ വിഷയത്തിൽ വലിയ രാഷ്ട്രീയ വിവാദം കേരളത്തിൽ നടന്നിരുന്നു. വീട് ലഭിക്കുന്നവരുടെ ആത്മാഭിമാനത്തെ തകർക്കുന്നതാണ് ഇങ്ങനെ ലോ​ഗോ പതിക്കുന്നതെന്ന നിലപാടിൽ ഈ പണം വാങ്ങേണ്ടില്ല എന്ന് കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നു. പിന്നീട് തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി, ഇങ്ങനെ പ്രധാനമന്ത്രിയുടെ ചിത്രം വെക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച് വെട്ടിലായപ്പോൾ പറഞ്ഞത് വിഴുങ്ങിയ സംഭവവുമുണ്ടായിരുന്നു. വീടുകളിൽ കേന്ദ്രമുദ്ര പതിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഫോട്ടോവെക്കാനും സമ്മതമല്ലെന്നുപറഞ്ഞ് ഇടത് സർക്കാർ പദ്ധതിയിൽ ചേർന്നിരുന്നില്ല. ആ പദ്ധതിയിലേക്കാണ് ഇപ്പോൾ വിഡി സതീശൻ സർക്കാർ ചേരാൻ സമ്മതം മൂളിയിരിക്കുന്നത്.

വ്യവസ്ഥകളിൽ കേന്ദ്രപദ്ധതിപ്രകാരമുള്ള വീട് എന്നറിയിക്കാൻ മുദ്ര നിർബന്ധമാണ്. കരാറിൽ ഒപ്പിടുമ്പോൾ അത് പാലിക്കേണ്ടിവരും. എന്നാൽ, മുദ്രയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ പടം വെക്കേണ്ടതില്ല. കേരളത്തിൽ പ്രധാനമന്ത്രിയുടെ പദ്ധതിയുമായി സംയോജിപ്പിച്ചാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. സ്വന്തമായി സ്ഥലമുള്ളവർക്ക് വീടുവെക്കാൻ നാലുലക്ഷമാണ് കിട്ടുന്നത്. കരാറനുസരിച്ച് ഒരുലക്ഷം രൂപ ഗുണഭോക്താവ് കണ്ടെത്തണമെന്ന് മന്ത്രി കെ.എം. ഷാജിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കേന്ദ്രവിഹിതമായ 450 കോടി രൂപ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഒപ്പിടുന്നത്. 30,000 വീടുകൾക്കാണ് കേന്ദ്രം പണം അനുവദിക്കുക. ആശയപരമായ എതിർപ്പുകൊണ്ടല്ല, സംസ്ഥാനവിഹിതം നൽകാൻ പണമില്ലാത്തതുകൊണ്ടാണ് എൽ.ഡി.എഫ്. സർക്കാർ പദ്ധതിയിൽ ചേരാതിരുന്നത് എന്നതാണ് യു.ഡി.എഫിന്റെ വാദം. ഇത് തന്നെയാണ് അന്ന് കെഎം ഷാജി പറഞ്ഞതും. പിഎം ശ്രീ വിഷയത്തിലും സമാനമായ നിലപാടാണ് യുഡിഎഫ് സർക്കാരിന്റേത്. പണം ലഭിക്കുമെങ്കിൽ എവിടെ വേണമെങ്കിലും ഒപ്പിടാം എന്നാണോ സർക്കാർ നിലപാടെന്ന് പ്രതിപക്ഷം ഒന്നടങ്കം ചോദിക്കുന്നുണ്ട്.

നിലവിലെ ലൈഫ് – പിഎംഎവൈ പദ്ധതി പ്രകാരം ഒരു വീടിന് അനുവദിക്കുന്ന 4 ലക്ഷം രൂപയിൽ കേന്ദ്ര വിഹിതം ഒന്നര ലക്ഷം രൂപയായിരുന്നു. ഗുണഭോക്താവിന് ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്ന് മുടക്കേണ്ടതില്ലായിരുന്നു. ബാക്കി രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൂടി നൽകുകയായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചു. പകരം പദ്ധതി തുകയുടെ 25 ശതമാനം, അതായത് 1 ലക്ഷം രൂപ, ഗുണഭോക്താവ് തന്നെ കണ്ടെത്തണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. ഭവനരഹിതരായ പാവപ്പെട്ട മനുഷ്യർക്ക് മേൽ ഒരു ലക്ഷം രൂപയുടെ ബാധ്യത അടിച്ചേൽപ്പിക്കുകയാണ് സംസ്ഥാന സർക്കാർ. ഫലത്തിൽ ലൈഫിൽ നൽകി വന്നിരുന്ന നാല് ലക്ഷം ലക്ഷമായി വെട്ടിക്കുറക്കുകയാണ് ചെയ്തത്.

കേവലം ഒന്നര ലക്ഷം രൂപ മാത്രം നൽകുന്ന കേന്ദ്ര സർക്കാർ, പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോയും എംബ്ലവും ചാപ്പ കുത്തണമെന്ന് വാശിപിടിക്കുമ്പോൾ അതിന് മുന്നിൽ സംസ്ഥാന സർക്കാർ നട്ടെല്ല് വളയ്ക്കുന്നത് എന്തിനാണെന്നതാണ് പ്രധാന ചോദ്യം. ഗുണഭോക്താക്കളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന കേന്ദ്രനിലപാടിനെ എതിർക്കുന്നതിന് പകരം അതിനു കുഴലൂതുന്ന ഈ നടപടി അങ്ങേയറ്റത്തെ അടിമപ്പെടലാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 450 കോടി രൂപയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന സംസ്ഥാന സർക്കാർ വാദം അപഹാസ്യമെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.

എൽഡിഎഫ് സർക്കാരിനു കീഴിൽ ലൈഫ് പദ്ധതിയിൽ പൂർത്തിയായ അഞ്ചുലക്ഷത്തിലേറെ വീടുകളിൽ 3,72,000 വീടുകളും പരിപൂർണ്ണമായും സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നു നിർമ്മിച്ചവയാണ്. ഇവയിലെ കേന്ദ്രവിഹിതം പൂജ്യമാണ്. 93,600 വീടുകൾക്കാണ് പിഎംഎവൈ (നഗരം) പദ്ധതി വഴി ഒന്നര ലക്ഷം വീതം കേന്ദ്രസഹായം ലഭിച്ചത്. പിഎംഎവൈ (ഗ്രാമം) വഴി നിർമ്മിച്ച 34,600 വീടുകൾക്ക് 72,000 രൂപ വീതമാണ് കേന്ദ്രസഹായം കിട്ടിയത്. ഈ രണ്ടു വിഭാഗത്തിലും നാലു ലക്ഷം രൂപ തികയാനാവശ്യമുള്ള ബാക്കി തുക മുഴുവനും വകയിരുത്തിയത് സംസ്ഥാന സർക്കാരും പ്രാദേശിക സർക്കാരുകളും ചേർന്നാണ്.

നാമമാത്രമായ കേന്ദ്രവിഹിതമുള്ള പിഎംഎവൈ (നഗരം), പിഎംഎവൈ (ഗ്രാമം) എന്നീ പദ്ധതിവഴി സഹായം കിട്ടിയ വീടുകളിൽ കേന്ദ്ര ബ്രാന്റിംഗ് അടിച്ചേൽപ്പിക്കാൻ നേരത്തെയും ശ്രമമുണ്ടായിരുന്നു. പക്ഷേ അന്നത്തെ സർക്കാർ അതിന് വഴങ്ങിയിരുന്നില്ല എന്ന് മാത്രം. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കേന്ദ്രത്തെ പിണക്കാനാകില്ല എന്ന വിലയിരുത്തലിലാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്. അതിന്റെ ഭാ​ഗമായി തന്നെയാണ് പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞ പലതും അപ്പാടെ വിഴുങ്ങുകയും നിലപാടുകളിൽ മലക്കം മറിച്ചിൽ നടത്തുകയും ചെയ്യുന്നത്. കേന്ദ്രത്തെ ഏറ്റവും രൂക്ഷമായി എതിർത്തിരുന്ന മുസ്ലീം ലീ​ഗും ലീ​ഗിന്റെ മന്ത്രിമാരും അടക്കം ഇക്കാര്യത്തിൽ നിലപാട് മാറ്റുന്നു എന്നതും ശ്രദ്ധേയമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വൻതോതിൽ വെട്ടിക്കുറച്ചതിനെതിരെ ജനങ്ങൾക്കിടയിലും തദ്ദേശ പ്രതിനിധികൾക്കിടയിലും അമർഷം പുകയുകയാണ്. പ്രവർത്തന സ്തംഭനത്തിലായ ഇത്തരം സ്ഥാപനങ്ങളുടെ ഫണ്ട് പുനഃസ്ഥാപിക്കാൻ തയ്യാറാകാതെ, കടുത്ത സാമ്പത്തിക ഞെരുക്കമുള്ള പാവപ്പെട്ട ഗുണഭോക്താക്കളിൽ നിന്ന് തുക പിഴിഞ്ഞെടുക്കാനുള്ള ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജനക്ഷേമത്തേക്കാൾ സാമ്പത്തിക ലാഭത്തിനും രാഷ്ട്രീയ താത്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ അതോ ജനവികാരം തള്ളിക്കളഞ്ഞ് മുന്നോട്ടുപോകുമോ എന്ന് കണ്ടറിയണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer