ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ യുജിസി നെറ്റ് പരീക്ഷയിലും ഗുരുതര പിഴവുകൾ കണ്ടെത്തി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലാണ് ഒന്നിലധികം പിശകുകൾ കണ്ടെത്തിയത്. എൻടിഎ നിയോഗിച്ച വിദഗ്ധ സമിതിയാണ് പിഴവുകൾ കണ്ടെത്തിയത്.
ചോദ്യപേപ്പറുകളിൽ ആവർത്തിച്ചുള്ള ചോദ്യങ്ങൾ, അക്ഷരപ്പിശകുകൾ, വസ്തുതാപരമായ തെറ്റുകൾ, തർജിമയിലെ പിശകുകൾ എന്നിവ ഉണ്ടായിരുന്നതായി സമിതി കണ്ടെത്തി. നിരവധി വിദഗ്ധരുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയതായും വികലമായ പുസ്തക ശീർഷകങ്ങൾ, വ്യാകരണ പിശകുകൾ, അസാധാരണമായ പദപ്രയോഗങ്ങൾ എന്നിവ ഉൾപ്പെട്ടതായും എൻടിഎ വ്യക്തമാക്കി.
ഇംഗ്ലീഷ് ചോദ്യപേപ്പറിൽ 67 ചോദ്യങ്ങൾ 2024, 2025 വർഷങ്ങളിലെ പരീക്ഷകളിലെ ചോദ്യങ്ങളുടെ ആവർത്തനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊമേഴ്സ് ചോദ്യപേപ്പറിലും സമാനമായ പിഴവുകൾ കണ്ടെത്തി. സോഷ്യോളജി പേപ്പറിന്റെ ഹിന്ദി പരിഭാഷയിലും നിരവധി പിശകുകൾ കണ്ടെത്തിയതായി വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. ചില ഭാഗങ്ങൾ എഐ ഉപയോഗിച്ച് തയ്യാറാക്കിയതായും റിപ്പോർട്ടിലുണ്ട്.
പരീക്ഷയിലെ പിഴവുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് എൻടിഎ വിദഗ്ധ സമിതിയെ നിയോഗിച്ചത്. പരാതികൾ പരിശോധിച്ച സമിതി മൂന്ന് വിഷയങ്ങളിലും പുനഃപരീക്ഷ നടത്താൻ ശുപാർശ ചെയ്യുകയായിരുന്നു.
87 വിഷയങ്ങളിലാണ് ജൂണിൽ യുജിസി നെറ്റ് പരീക്ഷ നടത്തിയത്. ഉത്തരസൂചിക വൈകുന്നതിലും വിമർശനം ഉയർന്നിരുന്നു. paypal casino ഞായറാഴ്ച ഉത്തരസൂചിക പുറത്തുവന്നെങ്കിലും ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നില്ല.
തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ് പരീക്ഷകൾ സെപ്റ്റംബർ ഒൻപതിനും സോഷ്യോളജി പരീക്ഷ സെപ്റ്റംബർ പത്തിനും വീണ്ടും നടത്തുമെന്ന് എൻടിഎ അറിയിച്ചു.
പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾക്കെതിരെ പ്രതിപക്ഷവും വിദ്യാർഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുകയാണ്. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എൻടിഎ ആസ്ഥാനത്തേക്ക് എൻഎസ്‌യുഐ മാർച്ച് നടത്തി. എസ്എഫ്ഐയും പ്രതിഷേധ മാർച്ച് നടത്തുമെന്ന് അറിയിച്ചു.


