കൊച്ചി: CMRL–Exalogic സൊല്യൂഷൻസ് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട ED റെയ്ഡിൽ സിപിഐഎം രാഷ്ട്രീയ പ്രതിരോധം ശക്തമാക്കുന്നതിനിടെ വിഷയത്തിൽ നിന്ന് അകലം പാലിച്ച് സിപിഐ. രാഷ്ട്രീയവും ബിസിനസും രണ്ടായി കാണേണ്ട വിഷയങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സിപിഐക്ക് യാതൊരു പങ്കുമില്ലെന്നും ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ പാർട്ടി കക്ഷിയല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയം വേറെയാണെന്നും ബിസിനസ് വേറെയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇഡി റെയ്ഡിനെതിരെ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാൻ സിപിഐഎം തീരുമാനിച്ചു. ഓഗസ്റ്റ് 23ന് കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന യോഗത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുക്കും. കഴിഞ്ഞ ദിവസം ചേർന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രീയമായി വിഷയത്തെ നേരിടാനും പാർട്ടി പ്രവർത്തകരോട് വിശദീകരിക്കാനും തീരുമാനിച്ചത്.
അതേസമയം, സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് വീണ ടി.ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ഇഡിയെന്നാണ് റിപ്പോർട്ട്. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതുമായി ബന്ധപ്പെട്ട് ഫെമ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം.
വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ട് വീണയ്ക്ക് ഉടൻ സമൻസ് നൽകാനും ഇഡി ഒരുങ്ങുന്നതായാണ് വിവരം. ഇന്റർനെറ്റ് കോളുകൾക്കായി വീണ ഉപയോഗിച്ച സിം കാർഡ് ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാൽ എടുത്തുനൽകിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇതിനുപുറമെ, മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചതായാണ് റിപ്പോർട്ട്.











