തിരുവനന്തപുരം: കേരള സർവകലാശാലയിലെ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകളിൽ ഇടപെട്ട് വൈസ് ചാൻസലർ. അടുത്തിടെ നടന്ന പുനർമൂല്യനിർണയത്തിന്റെയും ഉത്തരക്കടലാസുകളുടെയും വിശദാംശങ്ങൾ വിസി തേടി. പരീക്ഷാ കൺട്രോളറോടാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. പുനർമൂല്യനിർണയത്തിൽ വിദ്യാർഥികൾക്ക് അമിതമായി മാർക്ക് നൽകുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി.
എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയർന്നതിന് പിന്നാലെ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൂല്യനിർണയത്തിലെ അപാകതകളും കേരള സർവകലാശാലയിലെ ലോ കോളേജുകളിൽ പുനർമൂല്യനിർണയത്തിലുണ്ടായ മാറ്റങ്ങളുമാണ് പ്രതിഷേധത്തിൽ പ്രധാനമായും ഉന്നയിച്ചത്.
കേരള സർവകലാശാല എൽഎൽബി പരീക്ഷകളിലെ റീവാലുവേഷൻ സംവിധാനം നേരത്തെ നിർത്തലാക്കിയിരുന്നു. പകരം ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മൂല്യനിർണയം ചെയ്യുന്ന പുതിയ രീതി നടപ്പാക്കാനും സർവകലാശാല തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതികളിൽ വിസി വിശദീകരണം തേടിയത്.











