ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് തമിഴ്നാട്. നിലവിലെ അണക്കെട്ട് ശക്തമാണെന്ന് സുപ്രീംകോടതിയുടെ വിവിധ സമിതികൾ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ നിലപാട് മാറ്റേണ്ട സാഹചര്യമില്ലെന്നും തമിഴ്നാട് വൈദ്യുതി വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും ഉന്നയിച്ചിരുന്നു. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് കേരളം നിലപാട് ആവർത്തിച്ചത്. പുതിയ അണക്കെട്ടിന്റെ നിർമാണച്ചെലവ് പൂർണമായും കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു.
പുതിയ അണക്കെട്ട് എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പൂർണ അധികാരം തമിഴ്നാടിന് നൽകാമെന്നും കേരളം വ്യക്തമാക്കി. പുതിയ അണക്കെട്ടിൽനിന്നുള്ള വെള്ളം പൂർണമായും തമിഴ്നാടിന് തന്നെ നൽകാമെന്നും ഉറപ്പുനൽകി. ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
എന്നാൽ, മുല്ലപ്പെരിയാർ വിഷയത്തിൽ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണ് തമിഴ്നാട്. അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്നാണ് തമിഴ്നാടിന്റെ പ്രധാന ആവശ്യം. ജലനിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ്നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് ആവശ്യമായ രീതിയിൽ വെള്ളം ലഭിക്കുകയുള്ളൂവെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യോഗത്തിൽ വ്യക്തമാക്കി.













