തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചു. സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസത്തിന് ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്. മന്ത്രി നേരത്തെ നിർദ്ദേശിച്ച ശരത് ചന്ദ്രനെ തന്നെയാണ് പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്.
ശരത് ചന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവെച്ചതായാണ് വിവരം. ഉത്തരവ് ഉടൻ പുറത്തിറങ്ങും. സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രൻ.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന ആവശ്യം മന്ത്രി ഉന്നയിച്ചിരുന്നു. ഓഫീസ് മുഖേന മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും പിന്നീട് നേരിട്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടക്കത്തിൽ അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല.
പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ പലതവണ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും മന്ത്രി പ്രതികരിച്ചിരുന്നില്ല.
വിഷയം വിവാദമായതിന് പിന്നാലെ ഡൽഹിയിൽ മുഖ്യമന്ത്രി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശരത് ചന്ദ്രന്റെ നിയമനത്തിന് അനുമതി ലഭിച്ചത്.
കെ സി വേണുഗോപാൽ എംഎൽഎയായിരുന്ന കാലത്ത് പ്രൈവറ്റ് സെക്രട്ടറിയായും മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫ് അംഗമായും ശരത് ചന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. കെ സി വേണുഗോപാലുമായി അടുത്ത ബന്ധമുള്ള വ്യക്തിയെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നതിൽ മുഖ്യമന്ത്രിക്ക് താൽപര്യമില്ലെന്ന തരത്തിലുള്ള വിമർശനങ്ങളും നേരത്തെ ഉയർന്നിരുന്നു.
നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ശരത് ചന്ദ്രന്റെ നിയമനത്തിന് അനുമതി ലഭിച്ചതോടെ മന്ത്രിയുടെ ഓഫീസിലെ പ്രൈവറ്റ് സെക്രട്ടറി സംബന്ധിച്ച പ്രതിസന്ധിക്കാണ് പരിഹാരമായത്.




