ആലപ്പുഴ: പുന്നമട കായലിൽ 72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ആവേശത്തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. തുടങ്ങിയവരും ഉദ്ഘാടന വേദിയിലെത്തി.
സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പതാക ഉയർത്തി. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് അൽപ്പസമയത്തിനകം ആരംഭിക്കും.
ജലമേളയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും നിലവിലുണ്ട്. ജില്ലാ കോടതിപ്പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ കൂടി നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുവരെ കെ.എസ്.ആർ.ടി.സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിപ്പിക്കില്ല.
ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കും ഇന്ന് അവധിയാണ്. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല. ജലമേളയുടെ ആവേശത്തിൽ പുന്നമട കായൽ നിറയുമ്പോൾ ആവേശകരമായ മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് വള്ളംകളി പ്രേമികൾ.




