കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശി സുനിലാണ് മരിച്ചത്. ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനായിരുന്നു സുനിൽ.
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ പ്രദേശവാസികൾ ചേർന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിലങ്ങാട് മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ നിരന്തരം ഇറങ്ങുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുകയാണെന്നും നാട്ടുകാർ പറഞ്ഞു.
കാട്ടുപോത്തിന്റെ ശല്യത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.


