കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പിണറായിയുടെ സ്വരം ഭീഷണിയുടേതാണെന്ന് അദ്ദേഹം പ്രതികരിച്ചു.
പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് പിണറായി സംസാരിച്ചതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയുടെ ഭാഗത്തുനിന്നും സമാനമായ സമീപനമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടിയായാണ് കുഞ്ഞികൃഷ്ണന്റെ പ്രതികരണം. മാസപ്പടി കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം പിണറായിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത്തരം വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചില്ലെന്നും കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി.
താൻ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പയ്യന്നൂരിൽ വിജയിച്ചതെന്ന പിണറായിയുടെ പരാമർശത്തെയും കുഞ്ഞികൃഷ്ണൻ പരിഹസിച്ചു. ഇത്രയധികം ജനങ്ങളെ തനിക്ക് തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ സിപിഎം എന്ത് തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. തെറ്റ് തിരുത്തുന്നതിന് പകരം ഭീഷണിയുമായി മുന്നോട്ട് പോകാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനമെന്നാണ് പിണറായിയുടെ പ്രസംഗത്തിൽ നിന്ന് മനസ്സിലാകുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
അതേസമയം, പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നാണ് പിണറായി വിജയൻ ഇന്നലെ കുഞ്ഞികൃഷ്ണനെതിരെ ആരോപിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ കുഞ്ഞികൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും ഇതോടെ ആളുകളിൽ സംശയം ഉണ്ടാകുകയും പാർട്ടിയുടെ നിലപാടുകൾക്ക് മങ്ങലേൽക്കുകയും ചെയ്തെന്നും പിണറായി പറഞ്ഞു.
പാർട്ടിക്കെതിരെ നീങ്ങുന്നവർക്കെതിരെ ആരാണെന്ന് നോക്കാതെ നടപടി സ്വീകരിക്കുമെന്നും പിണറായി മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയെന്നും പിണറായി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായിയുടെ പ്രസംഗത്തിനെതിരെ കുഞ്ഞികൃഷ്ണൻ പരസ്യമായി രംഗത്തെത്തിയത്.




