പയ്യന്നൂരിലെ തോൽവി സിപിഎമ്മിനെ എത്രത്തോളം പിടിച്ചുലച്ചിരുന്നു എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ വ്യക്തമായിരുന്നതാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ വിമതനായി മത്സരിച്ച് വിജയിച്ച പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ആഞ്ഞടിച്ചതും അതിന് കുഞ്ഞികൃഷ്ണൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പാർട്ടിയെ തകർക്കുക എന്ന ഒറ്റ വികാരത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ പെരുമാറിയതെന്നും ശത്രുക്കളുടെ കൈയിലെ കോടാലിയായി മാറിയെന്നുമായിരുന്നു പിണറായി തുറന്നടിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചെങ്കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത പരാജയം പാർട്ടിക്കുള്ളിലെ ചിലരുടെ ചതിയുടെ ഫലമാണെന്നും തെറ്റ് വെച്ചുപൊറുപ്പിക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മെന്നും പറഞ്ഞ പിണറായി പയ്യന്നൂരിലെ പാർട്ടിയുടെ ചരിത്രവും ഓർമിപ്പിക്കുന്നുണ്ട്. കുഞ്ഞികൃഷ്ണൻ പാർട്ടിയെ ചതിച്ചു എന്ന വാദം തന്നെയാണ് പിണറായിയുടെ പ്രസംഗത്തിന്റെ കാതൽ.
ഏത് രാഷ്ട്രീയ കുത്തൊഴുക്കിലും പ്രതികൂല പ്രചാരണങ്ങൾക്കിടയിലും എൽഡിഎഫിന് ഉറച്ചുനിൽക്കാൻ കഴിഞ്ഞ പാരമ്പര്യമാണ് പയ്യന്നൂരിന്റേത്. ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയ 1987-ൽ പോലും 50 ശതമാനം വോട്ട് എൽഡിഎഫിന് പയ്യന്നൂർ ഉറപ്പിച്ചു നൽകിയിരുന്നു. എന്നാൽ, അങ്ങനെയുള്ള ഉറച്ച മണ്ണിൽ ഇത്തവണ എങ്ങനെ തോൽവിയുണ്ടായി എന്ന ചോദ്യം ന്യായമായും ഉയരുമെന്ന് പിണറായി തന്നെ സമ്മതിക്കുന്നുണ്ട്. “പയ്യന്നൂരിലെ വോട്ടർമാർ ഏറെയും സിപിഎമ്മിനെ നെഞ്ചേറ്റുന്നവരാണ്. എന്നാൽ, പാർട്ടിക്കകത്തു നിന്ന് ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിതമായി ശ്രമിച്ചു. നേതൃതലത്തിൽ ഇരുന്നുകൊണ്ട് തന്നെ പാർട്ടിക്ക് വിരുദ്ധമായ മറ്റ് അവിഹിത ബന്ധങ്ങൾ ഉണ്ടാക്കാൻ ഇവർ നോക്കി. ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്തത്,” എന്നാണ് കുഞ്ഞികൃഷ്ണനെതിരെ പിണറായി തുറന്നടിച്ചത്. പാര്‍ട്ടിക്കെതിരെ നീങ്ങിയാല്‍ ആരെന്ന് നോക്കില്ല. അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും പിണറായി ഓര്‍മിപ്പെടുത്തിയിരുന്നു.
എന്നാൽ പിണറായിയുടെ സ്വരം ഭീഷണിയുടേതെന്ന മറുപടിയുമായി വി കുഞ്ഞികൃഷ്ണനും രംഗത്തെത്തി. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയതാണെന്നും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗമാണ് പിണറായിയുടേതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത് സമാന സമീപനമാണ്. ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു വി കുഞ്ഞികൃഷ്ണന്റെ മറുപടി.
പയ്യന്നൂരിൽ പാർട്ടിവിരുദ്ധ വികാരം സൃഷ്ടിക്കാൻ പ്രാദേശിക നേതൃത്വത്തിൽ നിന്നുതന്നെ ചിലർ ബോധപൂർവ്വമായ നീക്കങ്ങൾ നടത്തിയെന്ന് പറഞ്ഞ പിണറായി, തെറ്റിദ്ധാരണകൾ മൂലം പാർട്ടിക്കെതിരെ നിലപാടെടുത്ത സാധാരണ സഖാക്കളും പ്രവർത്തകരും തങ്ങളുടെ നിലപാട് പുനർവിചിന്തനം ചെയ്യേണ്ട സമയമാണിതെന്ന് പ്രവർത്തകരെ ഓർമിപ്പിക്കുന്നുണ്ട്.
അതിനും കുഞ്ഞികൃഷ്ണന് മറുപടിയുണ്ട്. താന്‍ ജനങ്ങളെ തെറ്റ് ധരിപ്പിച്ചാണ് പയ്യന്നൂരില്‍ വിജയിച്ചതെന്നാണ് പറയുന്നത്. എന്നാല്‍ ഇത്ര അധികം ജനങ്ങളെ തെറ്റ് ധരിപ്പിക്കാന്‍ തനിക്ക് കഴിഞ്ഞെങ്കില്‍ പിന്നെ എന്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് സിപിഐഎം നടത്തിയതെന്ന പരിഹാസമായിരുന്നു ഇതിനുള്ള വി കുഞ്ഞികൃഷ്ണന്റെ മറുപടി. ഒപ്പം, മാസപ്പടി കേസ് പോലുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം പിണറായിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും ആ വിഷയം സംസാരിച്ചതേയില്ലയെന്ന കുറ്റപ്പെടുത്തലും ഉയരുന്നുണ്ട്.
ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിനേയും പിണറായി വിമർശിക്കുന്നുണ്ട്. കേരളത്തിൽ ഭരണമാറ്റം സംഭവിച്ചാലും പൊതുവായ ഭരണരീതികളിൽ മാറ്റമുണ്ടാകില്ലെന്നാണ് ജനം കരുതിയിരുന്നതെന്നും എന്നാൽ അധികാരത്തിലേറിയ യുഡിഎഫ് സർക്കാർ പൂർണ്ണമായും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നുമുള്ള ആരോപണത്തിൽ അദ്ദേഹം ഉറച്ച് നിൽക്കുകയാണ്. വന്ദേമാതരം, വഖഫ്ബോർഡിലെ അമുസ്ലീം അംഗങ്ങൾ അടക്കമുള്ള വിഷയങ്ങൾ സൂചിപ്പിച്ചായിരുന്നു കോൺഗ്രസിന്റെ ആർഎസ്എസ് ബന്ധം പിണറായി ചൂണ്ടിക്കാണിച്ചത്.
ഇനി തളിപ്പറമ്പിലും ഇത്തരത്തിൽ ഒരു വിശദീകരണം സിപിഎം നൽകുന്നുണ്ട്. ഇത്തരത്തിൽ പാർട്ടിയിൽ നിന്നും അകന്ന് നിൽക്കുന്ന പ്രവർത്തകരെ വീണ്ടും പാർട്ടിയിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരാം എന്ന വിശ്വാസത്തിലാണ് നേതൃത്വം.




