കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്തിലെ വിവിധ മേഖലകളിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി. ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ 222 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും 20 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഒരു ഭക്ഷ്യസ്ഥാപനത്തിൽ കേടായതും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് വെച്ചതായി കണ്ടെത്തി. ഫ്രോസൺ മാംസം ഉരുക്കി ഫ്രഷ് മാംസമെന്ന പേരിൽ വിൽക്കാൻ ശ്രമിച്ചതായും പരിശോധനയിൽ വ്യക്തമായി.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തത്, ആവശ്യമായ ലൈസൻസുകളുടെ അഭാവം, ജീവനക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട വീഴ്ചകൾ എന്നിവയും കണ്ടെത്തി. തുടർന്ന് സ്ഥാപനത്തിനെതിരെ 10 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്ത് സ്ഥാപനം അടച്ചുപൂട്ടി. മാനദണ്ഡങ്ങൾ പാലിക്കാത്ത 134.116 കിലോഗ്രാം ഭക്ഷ്യവസ്തുക്കളും നശിപ്പിച്ചു.
ഫർവാനിയ ഗവർണറേറ്റിലെ വിവിധ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ഉറവിടം വ്യക്തമല്ലാത്ത 88 കിലോഗ്രാം മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതും സ്ഥാപനത്തിനുള്ളിൽ അനധികൃതമായി താമസിച്ചതും പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ ഇവിടെ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് 10 നിയമലംഘന റിപ്പോർട്ടുകളും രജിസ്റ്റർ ചെയ്തു.
ഉപഭോക്താക്കളുടെ ആരോഗ്യസംരക്ഷണവും വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.




