കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി.
റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയായ യുവാവിൽനിന്നും എട്ട് മാസം പ്രായമുള്ള കുഞ്ഞിൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിതാവിന്റെ ശരീരത്തിലും മിശ്രിത രൂപത്തിൽ സ്വർണം ഒളിപ്പിച്ചിരുന്നതായി ഡിആർഐ കണ്ടെത്തി.
പിതാവും മൂന്ന് മക്കളുമാണ് വിമാനത്തിൽ കരിപ്പൂരിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
അതേസമയം, ഓഗസ്റ്റ് മാസത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ടയാണ് നടന്നത്. ഓഗസ്റ്റ് ആദ്യവാരം മാത്രം വിവിധ വിമാനത്താവളങ്ങളിൽനിന്നായി കസ്റ്റംസ് വകുപ്പ് 11 കോടിയിലധികം രൂപ വിലമതിക്കുന്ന എട്ട് കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. 14 വ്യത്യസ്ത കേസുകളിലായി ആറ് മലയാളികൾ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.




