തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചർച്ച നടത്തേണ്ടതില്ലെന്ന നിലപാടിൽ സിപിഐ. പദവി ആവശ്യപ്പെട്ട് സിപിഐ നൽകിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നൽകണമെന്നാണ് പാർട്ടിയുടെ പ്രധാന ആവശ്യം.
മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തില്ലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എന്നിവരുമായി ചർച്ച നടത്താൻ സിപിഐ തയ്യാറാണ്. വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പരസ്യ പ്രതികരണങ്ങൾ തങ്ങളെ ഏറെ വേദനിപ്പിച്ചെന്നും സിപിഐ നേതൃത്വം വ്യക്തമാക്കുന്നു.
എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ സിപിഐ ഉന്നയിച്ച രാഷ്ട്രീയ അംഗീകാരത്തിന്റെ ഭാഗമായുള്ള ആവശ്യത്തെ മുഖ്യമന്ത്രി പൂർണമായി തള്ളിക്കളഞ്ഞതിലാണ് പാർട്ടിക്ക് അമർഷം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി നേരിട്ടുള്ള ചർച്ച ഒഴിവാക്കാൻ സിപിഐ തീരുമാനിച്ചതെന്നാണ് വിവരം.
നേരത്തെ വിഷയത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. സിപിഐ ആസ്ഥാനമായ എം.എൻ. സ്മാരകത്തിലെത്തി അദ്ദേഹം ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആദ്യം ആവശ്യം തള്ളിയെങ്കിലും പിന്നീട് ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന നിലപാടിലേക്ക് മാറിയിരുന്നു.
തർക്കം താൽക്കാലികമായി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാമെന്ന നിർദേശം കഴിഞ്ഞ ദിവസം സിപിഎം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഈ നിലപാടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രൂക്ഷമായി പ്രതികരിച്ചു. പദവി സംബന്ധിച്ച ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ മുന്നണി തലത്തിൽ ചർച്ചയ്ക്കുള്ള സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനുമായും മാത്രമായിരിക്കും നിലവിൽ ചർച്ചയെന്നാണ് സിപിഐ വ്യക്തമാക്കുന്നത്.




