സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരത്തിന്റെ പരാമര്‍ശം തള്ളിയ മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണത്തില്‍ മുസ്ലിം ലീഗിന് അതൃപ്തി എന്ന് സൂചന. സമുദായ നേതാവിനെ പരസ്യമായി മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിക്കരുതായിരുന്നുവെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ട്. വിശ്വാസികളോട് പറഞ്ഞ കാര്യത്തിന് മുഖ്യമന്ത്രി മറുപടി കൊടുക്കേണ്ടിയിരുന്നില്ല എന്നും ഇവര്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ തുറന്ന വിമര്‍ശനം സമുദായ വിരുദ്ധമെന്ന രീതിയില്‍ മറ്റു ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചേക്കാമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ കാന്തപുരത്തെ പരോക്ഷമായി പിന്തുണച്ച് ജിഫ്രി തങ്ങള്‍ രംഗത്ത് എത്തിയിരുന്നു.
നേരത്തെ, കാന്തപുരത്തെ പരോക്ഷമായി പിന്തുണച്ച് പാണക്കാട് തങ്ങൾക്കൊപ്പം മന്ത്രിമാരായ കെഎം ഷാജിയും എൻ ഷംസുദ്ദീനും അടക്കമുള്ള ലീഗ് നേതാക്കളെല്ലാം രംഗത്ത് വന്നിരുന്നു. പണ്ഡിതർ പറഞ്ഞത് തിരുത്താൻ ഞങ്ങളില്ല എന്ന രീതിയിലായിരുന്നു ലീഗിന്റെ നിലപാട്. അതിനേയും പരസ്യമായി തള്ളുന്ന തരത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതാണ് ലീഗിനെ പൊള്ളിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ ആണ് കാന്തപുരത്തിന്റെ നിലപാടിനോട് തന്നിക്കോ സര്‍ക്കാരിനോ യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മസ്‌ലിം ചരിത്രത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാന്തപുരത്തിന്റെ പ്രസ്താവന പത്തൊമ്പതാം നൂറ്റാണ്ടിന്റേതാണെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ എപി വിഭാഗത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത് രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിയുടെ കടുത്ത ഭാഷയിലെ പ്രതികരണം വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായി എന്നാണ് ലീഗിന്റെ നിലപാട്.
കാന്തപുരത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, അദ്ദേഹം ഒരു മത പണ്ഡിതനാണെന്നും സ്ത്രീ സുരക്ഷയെ ലക്ഷ്യം വെച്ചാകാം അത്തരം ഒരു പരാമശം നടത്തിയത് എന്നായിരുന്നു സാദിഖ് അലി ശിഹാബ് തങ്ങളുടെ പ്രതികരണം. മറ്റ് ലീഗ് നേതാക്കളും സമാന നിലപാട് എടുത്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന സംഘപരിവാര്‍ ഹാന്റിലുകള്‍ അടക്കം തെറ്റായി പ്രചരിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നും അത് തെരഞ്ഞെടുപ്പുകളില്‍ അടക്കം തിരിച്ചടി ആകാന്‍ സാധ്യത ഉണ്ടെന്നുമാണ് ലീഗിന്റെ പക്ഷം. എപി വിഭാഗവുമായി ലീഗ് അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നതും പാര്‍ട്ടിക്കുള്ളില്‍ നീരസം കൂട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രി മതത്തിന്റെ കാര്യങ്ങളിൽ ഇടപെടേണ്ട, അത് മത പണ്ഡിതർ നോക്കിക്കോളും എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന കമന്റുകൾ. മുഖ്യമന്ത്രി കാന്തപുരത്തെ തള്ളിപ്പറഞ്ഞത് കണ്ണിൽ പൊടിയിടാൻ മാത്രമാണെന്നും മുസ്ലീം ലീഗിനേയും തള്ളിപ്പറയാൻ ധൈര്യം കാണിക്കണമെന്നുമുള്ള ആവശ്യവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെയാണ് കാന്തപുരം വിഷയത്തിൽ വിഡി സതീശനും ലീഗും തമ്മിൽ തല്ലി പിരിയുമോ എന്ന രീതിയിലേക്ക് ചോദ്യങ്ങൾ എത്തിയത്.
പിന്നാലെ അതൃപ്തിയറിയിക്കാൻ സമസ്ത എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വാർത്താസമ്മേളനത്തിലെ കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. പിന്നാലെ ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന തലക്കെട്ടോടെ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ മറുപടിയും കൊടുത്തു.
കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്. പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
നേരത്തെ കാന്തപുരത്തിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കാന്തപുരം മതത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുന്നുവെന്നുമായിരുന്നു വിമർശനം. വ്യാപാരിയായിരുന്ന പ്രവാചകന്റെ ഭാര്യ ഖദീജ, യുദ്ധത്തിൽ സൈന്യത്തെ നയിച്ച ആയിഷ, ബിൽക്കീസ് രാജ്ഞി തുടങ്ങിയ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇതിലുണ്ടായ നീരസവും വിഷമവും അറിയിക്കാനും പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെടാനുമാണ് എ.പി. വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്.
അതിനിടെ കാന്തപുരത്തെ പിന്തുണച്ച് സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഓരോ വ്യക്തിക്കും തങ്ങളുടെ മതപരമായ വിശ്വാസങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. അതിനെ പരിഹസിക്കുന്നത് ശരിയല്ല. മതപരമായ കാര്യങ്ങൾ പറയുന്നവരെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു. വിശുദ്ധ ശരീഅത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന നിലപാടാണ് അദ്ദേഹത്തിന്.
വിഷയം, സാമൂഹിക പ്രശ്നം എന്നതിനപ്പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുയരുന്നത്. ന്തപുരത്തിന്റെ പ്രസ്താവന കേവലം സ്ത്രീവിരുദ്ധത മാത്രമല്ല; അത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമാണെന്നാണ് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞത്. മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ചയാണ് അതിലൂടെ ഉയരുന്നതെന്നും പറയുമ്പോൾ, ഈ അവസരം ബിജെപി എങ്ങനെയാണ് ഉപയോഗിക്കാൻ പോകുന്നതെന്നതിന്റെ വ്യക്തമായ സൂചനയാണ് കാണുന്നത്.




