മലപ്പുറം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ വണ്ടൂർ സ്വദേശി പിടിയിൽ. മലപ്പുറം വണ്ടൂർ കാട്ടുമുണ്ട സ്വദേശി പി. ഷാനവാസിനെതിരെയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ പന്തളം-തിരുവനന്തപുരം റൂട്ടിൽ കാരേറ്റ് ഭാഗത്തുവച്ചാണ് സംഭവം. യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന ഷാനവാസ് അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് യുവതി വിവരം കണ്ടക്ടറെ അറിയിച്ചു. യുവതിയുടെ ആവശ്യപ്രകാരം ബസ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കണ്ടക്ടറും മറ്റ് യാത്രക്കാരും ചേർന്ന് ഷാനവാസിനെ പൊലീസിന് കൈമാറി.
സ്റ്റേഷനിലെത്തിച്ച ശേഷം തന്നെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബഹളം വച്ചതായും പൊലീസ് പറഞ്ഞു. കേസെടുത്ത വട്ടപ്പാറ പൊലീസ് പ്രതിയെ വെഞ്ഞാറമൂട് പൊലീസിന് കൈമാറി.
തിരുവനന്തപുരത്തെ ഒരു റസ്റ്റോറന്റിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് ഷാനവാസ്.


