തിരുവനന്തപുരം: ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മെഴ്സിയുടെ മകളുടെ മകൻ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിരന്തരം വഴക്ക് ഉണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നും രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഷിബിൻ മെഴ്സിയെ കത്തികൊണ്ട് കഴുത്തറുത്തതായാണ് പൊലീസ് പറയുന്നത്.
കത്തിയുമായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഷിബിൻ സമീപവാസികളോട് കൊല നടത്തിയതായി പറഞ്ഞതായാണ് വിവരം. തുടർന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ കഠിനംകുളത്ത് വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
മരണം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ കഠിനംകുളം പൊലീസ് മെഴ്സിയെ ഉടൻ ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. മെഴ്സി മത്സ്യക്കച്ചവടം നടത്തി വരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




