തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത പ്രതിവാര അവധി നൽകാൻ നിർദേശം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സേവനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് വിധേയമായി ഊഴമനുസരിച്ച് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്നാണ് ക്രമസമാധാന വിഭാഗം എഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയത്.
പോലീസ് സ്റ്റേഷനുകളിൽ ആവശ്യമായ അംഗബലവും മേൽനോട്ടവും ഉറപ്പാക്കിയ ശേഷമായിരിക്കണം പ്രതിവാര അവധി ക്രമീകരിക്കേണ്ടത്. പൊതുസുരക്ഷയെയും അത്യാവശ്യ പോലീസ് പ്രവർത്തനങ്ങളെയും ബാധിക്കാത്ത തരത്തിൽ അവധികൾ മുൻകൂട്ടി ഡ്യൂട്ടി റോസ്റ്ററിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. എസ്എച്ച്ഒ പ്രതിവാര അവധിയെടുക്കുന്ന ദിവസം സ്റ്റേഷന്റെ ചുമതല മറ്റൊരു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.
കുട്ടികളുടെ ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ പ്രധാന കുടുംബ അവസരങ്ങളിലും പോലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണം. ഇത്തരം അവധികൾ സാധാരണയായി അനുവദിക്കണമെന്നും യഥാർഥ അടിയന്തര സാഹചര്യമോ ഒഴിവാക്കാനാകാത്ത ഡ്യൂട്ടി ആവശ്യകതയോ ഉണ്ടെങ്കിൽ മാത്രമേ അവധി നിരസിക്കാവൂ എന്നും നിർദേശമുണ്ട്. അവധി നിരസിക്കുന്ന ഓരോ സാഹചര്യത്തിലും അതിനുള്ള വ്യക്തമായ കാരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
തുടർച്ചയായും സമ്മർദപൂർണമായ സാഹചര്യങ്ങളിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുക, ജോലി സംബന്ധമായ സമ്മർദം കുറയ്ക്കുക, കുടുംബപിന്തുണ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.




