വയനാട്: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തിയെന്ന കേസിൽ 54കാരൻ പിടിയിൽ. മേപ്പാടി കെ.ബി റോഡ് പഴയേടത്ത് വീട്ടിൽ കെ. ഫ്രാൻസിസ് എന്ന ഫ്രാഞ്ചിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകിട്ട് വൈത്തിരി ടൗണിൽ സംശയാസ്പദമായി കണ്ട ഫ്രാഞ്ചിയെ പൊലീസ് പരിശോധിച്ചു. പരിശോധനയിൽ 51.57 ഗ്രാം കഞ്ചാവ്, കഞ്ചാവ് വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സിപ്പ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5,580 രൂപ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വൈത്തിരി, കൽപ്പറ്റ, മേപ്പാടി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി ലഹരിക്കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. സൗജലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് ഷരീഫ്, സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ്, രതിലാഷ്, ജോബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.













