ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണം ആരംഭിക്കാൻ പ്രതിപക്ഷ പാർട്ടികൾ. പൊതുജനങ്ങളിൽനിന്നും ഒപ്പുകൾ ശേഖരിക്കും. തുടർന്ന് ഒപ്പുകൾ രാഷ്ട്രപതിക്ക് സമർപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
അതേസമയം, പ്രതിഷേധങ്ങൾ നേരിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നടപടികൾ ശക്തമാക്കുന്നു. ഡൽഹി പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉൾപ്പെടുത്തി ഏകോപന സമിതി രൂപീകരിക്കാനാണ് നീക്കം. ജന്തർമന്തർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടക്കാനിടയുള്ള പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നതിനായാണ് സമിതി രൂപീകരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പ് പ്രതിപക്ഷം തള്ളി. കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ തങ്ങൾ നേരത്തെ ഉന്നയിച്ച പരാതികൾ ശരിവയ്ക്കുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ചീഫ് ഇലക്ഷൻ കമ്മീഷണറുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എം.എ. ബേബി ഇന്ന് അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തും. എൻഡിഎയ്ക്ക് പുറത്തുള്ള കക്ഷികളെ ഉൾപ്പെടുത്തി സംയുക്ത പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച. മമത ബാനർജിയുമായും രാഹുൽ ഗാന്ധിയുമായും എം.എ. ബേബി ഫോണിൽ സംസാരിച്ചിട്ടുണ്ട്. നേരത്തെ സിജെപിയുമായും ആശയവിനിമയം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.




