തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആവശ്യമായ പൊലീസ് വിന്യാസം ഉണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം.
പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ പ്രതിഷേധക്കാർ 20 മിനിറ്റോളം വഴിയിൽ തടഞ്ഞിട്ടും സ്ഥലത്ത് പൊലീസ് സാന്നിധ്യമില്ലാതിരുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ നിന്ന് ഏകദേശം അര കിലോമീറ്റർ മാത്രം അകലെയുണ്ടായ പ്രതിഷേധത്തിലും സുരക്ഷാ വീഴ്ച ഉണ്ടായെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കോൺഗ്രസ് നേതാക്കളും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.
മന്ത്രിമാർക്കെതിരായ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിലും യാത്രകളിലും കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പ്രതിഷേധമുണ്ടായാൽ ശക്തമായ നിയമനടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുക്കാനാണ് തീരുമാനം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കൊല്ലത്ത് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് മന്ത്രിമാരെ വഴിയിൽ തടയുന്ന പ്രതിഷേധങ്ങൾ വ്യാപകമായത്. ഇതുസംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് വിവരം.
ഡൽഹിയിൽ നിന്ന് എത്തി ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ ചാക്കയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. സ്ഥലത്ത് ആവശ്യമായ പൊലീസ് സാന്നിധ്യമില്ലാതിരുന്നതും സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.
മന്ത്രി ഒ. ജെ. ജനീഷിനെതിരെ നെയ്യാറ്റിൻകരയിലും കെ. എം. ഷാജിക്കെതിരെയും നടന്ന പ്രതിഷേധങ്ങളിലും പൊലീസ് ഇടപെടൽ വൈകിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം, യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ മാത്രം മന്ത്രി ഒ. ജെ. ജനീഷിനെ വിവിധയിടങ്ങളിലായി എട്ടോളം തവണ സമരക്കാർ തടഞ്ഞതായാണ് റിപ്പോർട്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ യാത്രകളും പൊതുപരിപാടികളും കൂടുതൽ സുരക്ഷാ സംവിധാനങ്ങളുടെ കീഴിലാക്കാനാണ് പൊലീസിന്റെ തീരുമാനം.




