തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശ് എഐസിസിക്ക് പരാതി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ എഐസിസി ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെ നിയോഗിച്ചത് എഐസിസിയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫ് കൺവീനറുമായും താൻ ആശയവിനിമയം നടത്താറുണ്ട്. അടൂർ പ്രകാശിന്റെ പരാതിയിൽ താൻ കക്ഷിയല്ലെന്നും തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബിജെപി, സിപിഐഎം പ്രവർത്തകർ സംഘടിതമായി ആക്രമണം നടത്തുകയാണെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ബിജെപി, സിപിഐഎം നേതൃത്വങ്ങളുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് കേവലം കരിങ്കൊടി പ്രതിഷേധമല്ലെന്നും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് ജനകീയമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ, തിരഞ്ഞെടുപ്പ് തോൽവി, വിവിധ കേസുകളിലെ അന്വേഷണം തുടങ്ങിയ വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ആക്രമണങ്ങൾ ആസൂത്രിതമായി നടത്തുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ദേശീയ തലത്തിൽ ബിജെപി പ്രതിരോധത്തിലാണെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ ദേശീയ തലത്തിൽ സമരം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചു.
ബിജെപി, സിപിഐഎം നേതാക്കളുടെ ഒത്താശയോടെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.




