തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടി വേദികളിൽ തന്നെ ചർച്ച ചെയ്യണമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടിയിലെ കാര്യങ്ങൾ പുറത്തുപറയുന്നതിനോട് യോജിപ്പില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും അഭിപ്രായവ്യത്യാസമുള്ളവരെ ഇല്ലാതാക്കുന്ന രീതിയല്ല പാർട്ടിയുടേതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യുന്നതാണ് തന്റെ നിലപാട്. അതിന് അവസരമില്ലെങ്കിൽ വിഷയങ്ങൾ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശ് ഉന്നയിച്ച വിഷയങ്ങളിൽ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. എന്നാൽ സർക്കാരിനെ വിമർശിക്കാൻ താൻ ഇതുവരെ നിന്നിട്ടില്ലെന്നും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്റെ നിലപാടുമായി കൂട്ടിച്ചേർക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ വലിയ പ്രതീക്ഷയോടെ നോക്കുന്ന സർക്കാരാണിത്. ആ പ്രതീക്ഷകൾ നിറവേറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഒന്നിച്ചിരുന്ന് പരിഹരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
അതേസമയം, രാജ്യത്ത് വരും ദിവസങ്ങൾ സമരങ്ങളുടേതായിരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ‘വോട്ട് ബചാവോ, ദേശ് ബചാവോ’ എന്ന പേരിൽ രാജ്യവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഉൾപ്പെടുന്ന വലിയ പ്രചാരണമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം ഓരോ ദിവസം കഴിയുന്തോറും സങ്കീർണമാകുകയാണെന്നും ഇന്ത്യാ സഖ്യത്തിൽ ഇതുസംബന്ധിച്ച് കൃത്യമായ മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ വിവിധ ഘട്ടങ്ങളിൽ കമ്മീഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് ബിജെപി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം ആരോപിച്ചു.
2025 ജൂണിൽ ബിഹാറിൽ ആരംഭിച്ച പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്‌ഐആറുമായി ബന്ധപ്പെട്ടും പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. എസ്‌ഐആർ നടപടിയിലൂടെ വോട്ടർപട്ടികയിൽ നിന്ന് അർഹരായവരുടെ പേരുകൾ ഒഴിവാക്കപ്പെടുന്നുവെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദീകരണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്.




