യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രിക്കെതിരെ കൺവീനർ പൊട്ടിച്ച വെടി, നീണ്ട ഇടവേളയ്ക്കു ശേഷം കോൺഗ്രസിലെ അന്തരീക്ഷം കലാപസമാനമാക്കി മാറ്റിയിരിക്കുകയാണ്. അല്ലെങ്കിൽ കോൺഗ്രസ് വീണ്ടും ശരിക്കുമുള്ള കോൺഗ്രസ് ആയി എന്നും വേണമെങ്കിൽ പറയാം. മതിയായ പിന്തുണയില്ലാതെ കൺവീനർ ഇതിനു തുനിയില്ലെന്ന ചർച്ചയാണ് പാർട്ടിയിൽ ഉയരുന്നത്. ആ വിരൽ തന്നിലേക്കാണു ചൂണ്ടുന്നതെന്നു തിരിച്ചറിഞ്ഞതോടെയാണ് പ്രകാശിന്റെ പരസ്യവിമർശനങ്ങളെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തള്ളിയത്. അതു പിരിമുറുക്കത്തിന് അയവുണ്ടാക്കിയെങ്കിലും കാര്യങ്ങൾ എങ്ങോട്ടെന്ന ഉദ്വേഗം ബാക്കി. എന്ത് പ്രശ്നം ഉണ്ടായാലും എന്തിനാണ് തന്നെ വേട്ടയാടുന്നതെന്ന് കെസിക്ക് തുറന്ന് ചോദിക്കേണ്ട അവസ്ഥ വരെ എത്തി.
കൺവീനറുടെ അപ്രതീക്ഷിത ആക്രമണത്തിൽ മുഖ്യമന്ത്രി അമർഷത്തിലാണോ ഞെട്ടലിലാണോ എന്നൊന്നും അറിയില്ല, ഇനി ഈ വിഷയത്തിൽ അടുത്ത ബുധനാഴ്ച്ച വരെ മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്നും പ്രതീക്ഷിക്കാനും വയ്യ. സംഭവിച്ചത് യാദൃച്ഛികമാണെന്ന് അദ്ദേഹം കരുതുന്നുമില്ല. സിപിഎമ്മിനും ബിജെപിക്കുമെതിരെ വികാരപരമായ അന്തരീക്ഷം കോൺഗ്രസിൽ നിലനിന്ന അതേ മുഹൂർത്തത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് കൺവീനർ ഇറങ്ങുമെന്ന് ആരും വിചാരിച്ചതല്ല. തനിക്ക് ക്ഷമ നശിച്ചപ്പോഴാണ് ഇറങ്ങിയതെന്ന് അടൂർ പ്രകാശ് പലവട്ടം ആവർത്തിച്ച് പറയുന്നുണ്ട്. അങ്ങനെയെങ്കിൽ ഈ പ്രശ്നങ്ങളുടെ തുടക്കം ഇന്നോ ഇന്നലേയോ ഒന്നുമല്ലെന്ന് വ്യക്തം.
ഭരണ–സംഘടനാ കാര്യങ്ങളിൽ തനിക്ക് ഒരു റോളുമില്ലെന്ന പരിഭവം കുറച്ചു നാളായി യുഡിഎഫ് കൺവീനർക്കുണ്ട്. അത്, കേവലം അടൂർ പ്രകാശിന്റെ മാത്രം പരിഭവമല്ല, കോൺഗ്രസിലെ പല തലമുതിർന്ന നേതാക്കൾക്കും, എന്തിന് മന്ത്രിമാർക്ക് വരെ തങ്ങൾക്ക് ഒരു റോളുമില്ലെന്ന സന്ദേഹം തലയിൽ കയറിക്കൂടിയിട്ട് കുറച്ച് നാളുകളായി. വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ തന്നെ അടൂർ പ്രകാശ് അടക്കമുള്ള പല നേതാക്കളുമായും അത്ര നല്ല ബന്ധത്തിലൊന്നും ആയിരുന്നുമില്ല. അതുകൊണ്ട് ഒക്കെ തന്നെയാകും വിജയിച്ച് വന്ന സമയത്ത് ആര് മുഖ്യമന്ത്രിയാകണം എന്ന ചോദ്യം ഉയർന്നപ്പോൾ ഭൂരിപക്ഷം MLAമാരും സതീശന് എതിര് നിന്നത്. പിന്നെ എങ്ങനെ മുഖ്യമന്ത്രിയായി എന്ന് ചോദിക്കരുത്, അത് എല്ലാവരും കണ്ടതാണ്.
ഇനി ഇപ്പോഴത്തെ വിഷയത്തിലേക്ക് വന്നാൽ, ഉന്നതങ്ങളിൽ നിന്നു സമ്മതം വാങ്ങാതെ കെപിസിസി ആസ്ഥാനത്തു വാർത്താസമ്മേളനം വിളിച്ചു മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കാൻ അടൂർ പ്രകാശ് മുതിരുമോ എന്ന ചോദ്യവും പാർട്ടിയിലുയരുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയുടെ ആശീർവാദം ഇതിനുണ്ടെന്നു സാഹചര്യത്തെളിവുകൾ ചൂണ്ടിക്കാട്ടി വാദിക്കുന്നവർ വരെയുണ്ടത്രേ. സർക്കാർ നേരത്തേ എടുത്ത ചില തീരുമാനങ്ങൾ വിവാദമായപ്പോൾ അതിൽ വിയോജിപ്പ് വ്യക്തമാക്കി കത്തു കൊടുക്കണമെന്ന് കെപിസിസി പ്രസിഡന്റിനോട് ദീപ ദാസ്മുൻഷി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹമത് നിരസിച്ചു എന്നുള്ളത് മറ്റൊരു കാര്യം. ചില മന്ത്രിമാരുടെ മുന്നിലും സമാനമായ ആവശ്യങ്ങൾ ദീപ ദാസ്മുൻഷി വച്ചെങ്കിലും അവരും തയാറായില്ല. പാർട്ടിയെ ഇരുട്ടിൽ നിർത്തിയാണ് സർക്കാർ പല തീരുമാനങ്ങളുമെടുക്കുന്നതെന്നു കഴിഞ്ഞ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ അവർ തുറന്നടിച്ചു. ഇപ്പോൾ, അക്കാര്യം ശരിവയ്ക്കുന്ന സ്വരം യുഡിഎഫ് കൺവീനറിൽ നിന്നുണ്ടായി. അതിനിടെ പിണറായിക്കെതിരായ ED കേസ് വിഷയത്തിൽ തീരുമാനമെടുക്കാൻ UDF കൂടിയപ്പോൾ ദീപാദാസ് മുൻഷിയുടെ അസാന്നിധ്യം ചർച്ചയായിരുന്നതാണ്. ഇവർ ഒരു KC അനുകൂലിയാണെന്ന സംശയം സതീശൻ ഗ്രൂപ്പുകാർക്കിടയിൽ നേരത്തെ തന്നെയുണ്ട്.
മറ്റന്നാൾ ദില്ലിയിൽ നേരിട്ടെത്തി ഹൈക്കമാൻഡിന് കത്ത് നൽകാനുള്ള തീരുമാനത്തിലാണ് അടൂർ പ്രകാശ്. കൂടിയാലോചനകൾ ഇല്ലാത്തതും ഏകപക്ഷീയ തീരുമാനങ്ങളുമാണ് മുഖ്യമന്ത്രിയുടേതെന്നും കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. കൂടുതൽ നേതാക്കൾ ഹൈക്കമാൻഡിനെ പരാതി അറിയിച്ചേക്കും. ബോർഡ്- കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഇവർ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. ദീപാദാസ് മുൻഷി തന്നെയാകും ഇതെല്ലാം കേട്ട് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുക. അടൂർ പ്രകാശുമായി ദീപ ദാസ് മുൻഷി ആശയവിനിമയം നടത്തിയിരുന്നു. പ്രധാന നേതാക്കളുമായും ദീപ ദാസ് മുൻഷി ആശയവിനിമയം നടത്തും. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഒരുങ്ങുകയാണ് ഹൈക്കമാൻഡ്.
വിഡി സതീശന്റെ ഏകാധിപത്യ രീതിയിലുള്ള പ്രവർത്തന ശൈലിക്കെതിരെ പാർട്ടിക്കുള്ളിൽ വലിയ അമർഷം പുകഞ്ഞ് തുടങ്ങിയിട്ട് നാളേറെയായി. പല തീരുമാനങ്ങളും വകുപ്പ് മന്ത്രിമാർ പോലുമറിയുന്നത് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴോ മാധ്യമങ്ങളിൽ വാർത്ത വരുമ്പോഴോ എല്ലാമായിരുന്നു. പിന്നീട് മാധ്യമങ്ങളടക്കം തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതു നേരത്തേയും സംഭവിച്ചിട്ടുണ്ടല്ലോ എന്ന മറുപടിയായിരുന്നു സതീശന്റെ ശൈലി. എന്നാൽ ഇത്തവണ അതുപോലും ഉണ്ടായില്ല എന്നതും ശ്രദ്ധേയം. വിദേശയാത്രകൾക്കായി മന്ത്രിമാർ നിരനിരയായി നിൽക്കുമ്പോൾ അത് ആരുടെയൊക്കെ ചെലവിലെന്ന ചോദ്യംപോലെതന്നെ പ്രധാനമാണ് അതെല്ലാം അനിവാര്യമാണോ എന്നതും. മന്ത്രിമാർക്കും സ്വകാര്യനിമിഷങ്ങൾ ആവശ്യമല്ലേ എന്ന് ഒരു ജെൻസി മന്ത്രി ചോദിക്കുമ്പോൾ തന്റെ സ്വകാര്യതയിൽപ്പോലും സുതാര്യതയുടെ സന്ദേശമുണർത്തിയ ഒരു മുൻ കോൺഗ്രസ് മുഖ്യമന്ത്രിയെ ജനം ഓർത്തു പോയാൽ തെറ്റ് പറയാനാവില്ല. ജനക്കൂട്ടത്തിലല്ലാത്തപ്പോൾ ശരിക്കും ശ്വാസംമുട്ടുമായിരുന്ന, ജനകീയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശിഷ്യരൊക്കെത്തന്നെയാണ് വി.ഡി.എസ്. സർക്കാരിലെ മുൻനിരക്കാർ എന്നതും ആശ്ചര്യമുളവാക്കുന്നു.
മുഖ്യമന്ത്രിയുടെ ശരീരഭാഷയും സംസാരഭാഷയും അസഹിഷ്ണുവായ വ്യക്തിയുടേതായി തുടരുന്നത് സാധാരണക്കാരെ സങ്കടപ്പെടുത്തുന്നുണ്ട്. പിണറായിയിൽ നിന്നൊരു ട്രാൻസ്ഫോർമേഷന് കേരളം കുഴലൂതിയപ്പോൾ പ്രതീക്ഷിച്ചത് പിണറായിയേക്കാൾ വലിയൊരു ഏകാധിപതിയെ ആയിരുന്നില്ലെന്ന് മനസിലാക്കുക. പത്തുവർഷം ഭരിച്ചത് ഇടതു സർക്കാരല്ല, മറിച്ച് പിണറായിയുടെ പി.ആർ.സർക്കാരായിരുന്നു എന്ന പ്രചാരണം വോട്ടാക്കി മാറ്റി വിജയിച്ചെത്തിയ സതീശനും കൂട്ടരും, മുൻ സർക്കാരിനെതിരേ പഴിപറച്ചിലും പരാതിയുമായി രംഗം നിറയുമ്പോൾ അധികാരത്തിലേറ്റിയ ജനങ്ങളുടെ കൂടി പ്രതീക്ഷയാണ് പതിയെ മങ്ങുന്നത്.




