കൊച്ചി: മലയാളി മുന്നേറ്റ താരം മുഹമ്മദ് സനാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ജംഷഡ്പൂർ എഫ്സിയിൽ നിന്നാണ് 22കാരനായ താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2028-29 സീസൺ അവസാനിക്കുന്നതുവരെയുള്ള ദീർഘകാല കരാറിലാണ് സനാൻ ഒപ്പുവെച്ചത്.
കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തിലൂടെ വളർന്നുവന്ന സനാൻ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് പ്രോഗ്രാമിലൂടെയാണ് ഫുട്ബോളിന്റെ അടിസ്ഥാന പരിശീലനം നേടിയത്. തുടർന്ന് 2023ൽ ജംഷഡ്പൂർ എഫ്സിയിലൂടെ സീനിയർ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രദ്ധേയ സാന്നിധ്യമായി മാറി.
2023-24 സീസണിൽ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിച്ച സനാൻ ആദ്യ സീസണിൽ തന്നെ 20 ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങി. 2024-25 സീസണിൽ 24 ലീഗ് മത്സരങ്ങളിൽ കൂടി ബൂട്ടണിഞ്ഞതോടെ ജംഷഡ്പൂരിന്റെ ആക്രമണനിരയിലെ സ്ഥിരസാന്നിധ്യമായി.
പ്രധാനമായും ലെഫ്റ്റ് വിംഗറായി കളിക്കുന്ന സനാന് റൈറ്റ് വിംഗിലും സെൻട്രൽ അറ്റാക്കിംഗ് പൊസിഷനുകളിലും മികവ് പുലർത്താനാകും. വേഗത്തിൽ പന്തുമായി മുന്നേറാനും എതിർ പ്രതിരോധത്തെ മറികടന്ന് ആക്രമണം നയിക്കാനുമുള്ള കഴിവാണ് താരത്തിന്റെ പ്രധാന സവിശേഷത. സനാന്റെ വരവോടെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതൽ വേഗവും വൈവിധ്യവും ലഭിക്കുമെന്നാണ് പ്രതീക്ഷ.
22-ാം വയസ്സിൽ തന്നെ ഐഎസ്എല്ലിൽ 40ലധികം മത്സരങ്ങളുടെ അനുഭവസമ്പത്തുമായാണ് സനാൻ കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന താരത്തിന് ബ്ലാസ്റ്റേഴ്സിന്റെ ആവേശകരമായ ആരാധകക്കൂട്ടത്തിന് മുന്നിൽ കളിക്കാനുള്ള അവസരവും പുതിയ ട്രാൻസ്ഫറിലൂടെ ലഭിക്കും.
മലയാളി താരത്തെ സ്വന്തമാക്കിയതോടെ വരും സീസണിലേക്കുള്ള ടീമിന്റെ മുന്നേറ്റനിര കൂടുതൽ ശക്തമാക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.




