കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു (103) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു അന്ത്യം.
1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥയ്ക്ക് നേതൃത്വം നൽകിയിരുന്നു. ഇതിന്റെ പേരിൽ ബ്രിട്ടീഷ് പൊലീസ് മർദിക്കുകയും മൂന്നര മാസം ജയിൽവാസം അനുഭവിക്കേണ്ടിവരികയും ചെയ്തു.
1923 ജനുവരിയിൽ ചെറുവണ്ണൂർ പുതിയപറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായാണ് പി. വാസു എന്ന സോഷ്യോ വാസു ജനിച്ചത്. സ്കൂൾ കാലത്തുതന്നെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി. 1934ൽ ഗാന്ധിജി കോഴിക്കോട് എത്തിയപ്പോൾ പിതാവിനൊപ്പം അദ്ദേഹത്തെ നേരിൽ കാണുകയും ചെയ്തു.
18-ാം വയസിലാണ് വാസു സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ സജീവമായത്. സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തനം ആരംഭിച്ചതോടെയാണ് ‘സോഷ്യോ വാസു’ എന്ന പേര് ലഭിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അദ്ദേഹത്തിന് 24 വയസ്സായിരുന്നു.




