തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികളുമായി മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു നിയമോപദേശം. അതനുസരിച്ചാണ് സർക്കാർ നടപടികൾ സ്വീകരിച്ചത്. എന്നാൽ, സിംഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചതിന് പിന്നാലെ ആവശ്യമായ നടപടികൾ പൂർത്തിയാക്കിയെന്നും ചെന്നിത്തല പറഞ്ഞു.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അന്വേഷണം തുടരുകയാണ്. സർക്കാർ നിയമപരമായ നടപടിക്രമങ്ങൾ മാത്രമാണ് പിന്തുടർന്നത്. ഡിവിഷൻ ബെഞ്ചിന്റെ വിധി സർക്കാരിന് തിരിച്ചടിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമോപദേശം ലഭിച്ചാൽ അത് അവഗണിച്ച് രാഷ്ട്രീയ പ്രേരിതമായ നടപടി സ്വീകരിക്കാൻ സർക്കാരിന് കഴിയില്ല. മുൻ മുഖ്യമന്ത്രിക്കെതിരെ പിഎംഎൽഎ കേസുമായി ബന്ധപ്പെട്ട് തിടുക്കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ച് കാര്യങ്ങളിൽ പ്രാഥമിക അന്വേഷണം വേണമെന്ന മുൻവിധികൾ ഉദ്ധരിച്ചാണ് നിയമോപദേശം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ടുപോയത്. മാത്യു കുഴൽനാടന്റെ നിലപാടുകളെ തള്ളുന്ന സമീപനമാണ് ചെന്നിത്തല സ്വീകരിച്ചത്. സർക്കാർ പക്വതയോടെയാണ് വിഷയത്തെ കൈകാര്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.




