കണ്ണൂര്: മുൻ മന്ത്രി വീണാ ജോർജിനെതിരായ കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി. കെഎസ്യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്നാണ് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്. വീണയുടെ നിർദേശപ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് വ്യക്തമാക്കിയതായാണ് വിവരം. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അഭിലാഷിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് നൽകും. തെറ്റായ മൊഴി നൽകിയെന്ന കാര്യം ചൂണ്ടിക്കാട്ടിയാകും റിപ്പോർട്ട് സമർപ്പിക്കുക.
മുൻ സർക്കാരിന്റെ കാലത്ത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കേസിൽ ഗൂഢാലോചനയുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്നായിരുന്നു കെഎസ്യുവിന്റെ ആരോപണം.
കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്. ആഭ്യന്തരവകുപ്പായിരുന്നു അന്വേഷണത്തിന് നിർദേശം നൽകിയത്.
ഈ വർഷം ഫെബ്രുവരി 25നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളായിരുന്നു ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ഈ വകുപ്പ് ഒഴിവാക്കി.
മാരകായുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ നൽകിയ മൊഴി. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി കേസിൽ നിർണായകമായിരിക്കുന്നത്.




