കോഴിക്കോട്: ഖത്തറിലെ കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി) ഓഫീസിൽ നടന്ന കോടികളുടെ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ കീഴടങ്ങിയത് ബിജെപി പ്രാദേശിക നേതാവ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കൊയിലാണ്ടി സ്വദേശി ബാലകൃഷ്ണനാണ് അറസ്റ്റിലായത്. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിൽനിന്നായിരുന്നു ഇയാൾ മത്സരിച്ചത്. എട്ട് കോടി രൂപ കവർന്ന കേസിൽ ഇന്നലെയാണ് ബാലകൃഷ്ണൻ കീഴടങ്ങിയത്.
2025 സെപ്റ്റംബർ 18നാണ് അൽ തുമാമയിലെ കെഎംസിസി ഓഫീസിൽ കവർച്ച നടന്നത്. ഓഫീസ് ജീവനക്കാരനെ കെട്ടിയിട്ടശേഷം സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്ന് 31 ലക്ഷം ഖത്തർ റിയാൽ കവർന്നെന്നാണ് കേസ്. ഇന്ത്യൻ രൂപയിൽ ഏകദേശം എട്ട് കോടിയോളം വരും ഈ തുക.
പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയിൽ ഈ വർഷം സെപ്റ്റംബർ 15നാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. കേസിൽ ആകെ ആറു പ്രതികളാണുള്ളത്. ബാലകൃഷ്ണനെ കൂടാതെ ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് പ്രതികൾ. ഇവരിൽ ബാലകൃഷ്ണൻ കീഴടങ്ങിയതോടെ ശേഷിക്കുന്ന അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്.




