തിരുവനന്തപുരം: തലസ്ഥാനത്ത് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന എട്ടു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവല്ലം സ്വദേശി അഭിജിത്ത് (24) ആണ് തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. നേരത്തെയും ഇയാൾ കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആന്ധ്രാപ്രദേശിൽനിന്ന് കഞ്ചാവ് എത്തിച്ച് റെയിൽവേ സ്റ്റേഷൻ വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അഭിജിത്തിനെ പിടികൂടിയത്. ഇയാൾ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ട്രെയിൻ മാർഗം തിരുവനന്തപുരത്തേക്ക് എത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് സംഘം നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
കോവളം, തിരുവല്ലം, ബീമാപള്ളി തുടങ്ങിയ തിരുവനന്തപുരത്തെ തീരദേശ മേഖലകളിലെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തീരദേശ മേഖലയിലെ യുവാക്കൾക്കും ഇയാൾ കഞ്ചാവ് വിൽക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഹരിക്കടത്തിൽ ഇയാൾക്കൊപ്പം പങ്കാളികളായവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി അഭിജിത്തിനെ തമ്പാനൂർ പൊലീസിന് കൈമാറുമെന്ന് ഡാൻസാഫ് സംഘം അറിയിച്ചു.




