തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയതിനാണ് നടപടി. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമരസമിതി നേതാവ് വളർമതിയാണ് കേസിലെ ഒന്നാം പ്രതി.
എൽപിഎസ്ടി സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണ് വളർമതി തല മുണ്ഡനം ചെയ്തത്. സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കണമെന്ന് വളർമതി ആവശ്യപ്പെട്ടു.
വിദ്യാർത്ഥി- അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ചവർ ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും വളർമതി വിമർശിച്ചു.
കഴിഞ്ഞ അഞ്ച് വർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്നും ഇപ്പോൾ തല മുണ്ഡനം ചെയ്ത ചിത്രവുമായി നടക്കുകയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് നേരിടുന്നതെന്നാരോപിച്ചാണ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്.




